കൊച്ചി: കൊച്ചി നഗരത്തിലെ പ്രധാന ജംഗ്ഷനുകളുടെ ഗതാഗത കുരുക്കഴിക്കാന്‍ നടപടികളുമായി ഗതാഗതവകുപ്പ് രംഗത്ത്. ഗതാഗത-വ്യവസായ മന്ത്രിമാര്‍ വിവിധയിടങ്ങളില്‍ നേരിട്ടെത്തിയാണ് ട്രാഫിക് പരിഷ്‌കരണം വിലയിരുത്തിയത്. ചെറിയ ക്രമീകരണങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജ്, സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡ് എല്ലാം വന്ന് ചേരുന്ന എച്ച് എം ടി ജംഗ്ഷന്‍, ദേശീയപാതയിലെ പ്രധാന ജംഗ്ഷനായ ഇടപ്പള്ളി ടോള്‍, വണ്‍ വേ എന്നിവിടങ്ങളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇടത് വശം ക്ലിയറാക്കല്‍, ലൈന്‍ ട്രാഫിക് എന്നിവ ഉറപ്പാക്കും. ഇനി പൊലീസ്, ഗതാഗത, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് തീരുമാനം അന്തിമമാക്കും. സ്വകാര്യ ബസ് ഉടമകളെ കൂടി കേട്ടാകും തീരുമാനം.
വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ജംഗ്ഷനുകളാണ് വൈറ്റിലയും ഇടപ്പള്ളിയും എച്ച്എംടിയും ആലുവയും അങ്കമാലിയും. ഇവിടങ്ങളില്‍ രാവിലെയും വൈകിട്ടും വലിയ ട്രാഫിക് ആണ് അനുഭവപ്പെടാറ്. ഇവിടെ കുരുക്കഴിച്ചെടുത്താല്‍ തെക്കന്‍ ജില്ലകളില്‍ നിന്ന് വടക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് കുറെ സമയം ലാഭിക്കാം.
എച്ച്.എം.ടി. ജംഗ്ഷന്‍ വികസനത്തിന് വേണ്ടി 10 കോടി വകയിരുത്തിയെങ്കിലും റെയില്‍വേ അലൈന്‍മെന്റ് അന്തിമമാകാത്തതാണ് പ്രശ്‌നമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.