തിരുവനന്തപുരം: മാലിന്യം കരകവിഞ്ഞ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. കേരള സർക്കാരിന്റെ ജൻറോബോട്ടിക്‌സിൽ നിന്നുള്ള രണ്ട് റോബോട്ടുകളെ ഇറക്കിയാണ് ഇപ്പോൾ പരിശോധന തുടരുന്നത്. ക്യാമറ ഘടിപ്പിച്ച റോബോട്ടുകളെ ഉപയോഗിച്ച് മാലിന്യം നീക്കംചെയ്യുന്നതിനും പരിശോധന നടത്തുന്നതിനുമാണ് ശ്രമം.
ഒരു റോബോട്ടിനെ ജോയിയെ കാണാതായ സ്ഥലത്തുനിന്ന് അകത്തേക്കും മറ്റൊരു റോബോട്ടിനെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിലെ പാളത്തിന് സമീപത്തെ മാൻഹോളിൽക്കൂടിയും അകത്തേക്ക് ഇറക്കിയാണ് പരിശോധന നടത്തുക.
ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങളുടെ സഹായവും ജില്ലാകളക്ടർ തേടിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് ജോയിയെ തോട്ടിൽ കാണാതായത്. നഗരസഭയിലെ താത്കാലിക തൊഴിലാളിയായിരുന്നു മാരായമുട്ടം സ്വദേശി ജോയി.
തോട് വൃത്തിയാക്കുന്നതിനിടെ കാണാതാവുകയായിരുന്നു. മാലിന്യം തിങ്ങിനിറഞ്ഞതിനാൽ ആദ്യഘട്ടത്തിൽ തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാൻ രക്ഷാപ്രവർത്തകർക്കായിരുന്നില്ല. നിലവിൽ ടണലിലെ മാലിന്യം റോബോട്ടിന്റെ സാഹയത്തോടെ നീക്കി തുടങ്ങിയിട്ടുണ്ട്. മാരായമുട്ടം സ്വദേശിയായ ജോയി എന്ന ക്രിസ്റ്റഫറിനെ റെയിൽവേയിലെ ചില കരാറുകാരാണ് ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാർ പറയുന്നത്.
മാരായമുട്ടം വടകരയിൽ അമ്മയ്ക്കൊപ്പമാണ് അവിവാഹിതനായ ജോയിയുടെ താമസം. നാട്ടിൽ ആക്രിസാധനങ്ങൾ ശേഖരിച്ചുവിൽക്കുന്നതായിരുന്നു വരുമാനമാർഗം. ഇതിനിടെയാണ് മാലിന്യം നീക്കാനായി ജോയിയെ ജോലിക്കായി കൊണ്ടുപോയത്.