കണ്ണൂര്‍: ശ്രീകണ്ഠപുരം പരിപ്പായിയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നിന്ന് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി. പരിപ്പായി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നിന്ന് മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം കിട്ടിയത്.
ആദ്യം കുടം കിട്ടിയപ്പോള്‍ കൂടോത്രം, ബോംബ് എന്നിവയാണെന്ന് കരുതി പേടിച്ച് കുടം വലിച്ചെറിഞ്ഞു. പാത്രം പൊട്ടിയപ്പോള്‍ പുറത്തു വന്നത് നിധിക്കൂമ്പാരം. 17 മുത്തുമണികള്‍, 13 സ്വര്‍ണ പതക്കങ്ങള്‍, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന 4 പതക്കങ്ങള്‍, പഴയകാലത്തെ 5 മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, ഒട്ടേറെ വെള്ളിനാണയങ്ങള്‍. ഉടന്‍ തന്നെ കിട്ടിയ നിധി പഞ്ചായത്തിലറിയിച്ച് പോലീസിനു കൈമാറി. പോലീസ് നിധി തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. പുരാവസ്തു വകുപ്പിനെ വിവരം അറിയിച്ചതായി എസ്‌ഐ എം.പി.ഷിജു പറഞ്ഞു.
നിധിയിലെ നാണയങ്ങളില്‍ വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല. നാണയങ്ങള്‍ പരിശോധിച്ചു പഴക്കം നിര്‍ണയിക്കാമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ.ദിനേശന്‍ പറഞ്ഞു. ക്ഷേത്രങ്ങളിലും തറവാടുകളുടെ പടിഞ്ഞാറ്റകളിലും സൂക്ഷിക്കുന്ന മൂലഭണ്ഡാരത്തിന്റെ മാതൃകയാണ് നിധി അടങ്ങിയിരുന്ന പാത്രത്തിന്. ഇത്തരം ഭണ്ഡാരങ്ങളില്‍ ആഭരണങ്ങളും പണവും സൂക്ഷിക്കാറുണ്ട്.