ബോബി ചെമ്മണ്ണൂരിന്റെ പണം സ്വീകരിക്കൽ അന്വേഷിച്ച് ഇഡി; ചോദ്യങ്ങൾക്ക് ഉത്തരം നൽകി; രേഖകൾ ഹാജരാക്കിയെന്നും പ്രതികരണം

തൃശ്ശൂർ: ഇഡിയുടെ അന്വേഷണത്തെ കുറിച്ച് പ്രതികരിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. തനിക്ക് എതിരെ നടക്കുന്നത് ഇഡിയുടെ പ്രാഥമിക അന്വേഷണം മാത്രമാണെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഇഡി ചോദിച്ച കാര്യങ്ങൾക്കൊക്കെ കൃത്യമായ മറുപടി നൽകി. രേഖകൾ ഹാജരാക്കി. ഇഡി തെറ്റായതൊന്നും കണ്ടെത്തിയിട്ടില്ല. നിരവധി സ്ഥാപനങ്ങളിൽ നിന്നും ഇഡി വിവരങ്ങൾ തേടിയിട്ടുണ്ടെന്നും അതിലൊന്നാണ് ഇതെന്നും ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു.

കൂടാതെ ഇഡി ഈ മാസം തന്നെ അന്വേഷണം അവസാനിപ്പിക്കുമെന്ന് അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബോബി ചെമ്മണ്ണൂർ നിക്ഷേപമായി നിരവധിയാളുകളിൽ നിന്ന് പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നതും സംബന്ധിച്ച കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്.

നിക്ഷേപം സ്വീകരിക്കുന്നതിലും തുടർന്ന് മറ്റ് ബിസിനസുകളിലേക്ക് വക മാറ്റുന്നതിലും കള്ളപ്പണ ഇടപാടുണ്ടോയെന്നാണ് അന്വേഷണ പരിധിയിൽ ഉളളത്. നിലവിൽ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്നതെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചിരുന്നു,

ALSO READ- നേരത്തിനും പ്രേമത്തിനും ഗോൾഡിനും ശേഷം അൽഫോൺസ് പുത്രൻ തിരിച്ചുവരുന്നു; അരുൺ വൈഗ ചിത്രത്തിലൂടെ

ബോബി ചെമ്മണ്ണൂർ വലിയ പലിശ വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്ന് ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്നുണ്ടെന്നും ഈ പണം വിവിധ ബിസിനസ് ആവശ്യങ്ങൾക്കായി വകമാറ്റുന്നുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു. ഇതിൽ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഫെമ ലംഘനം ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. നിലവിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

Exit mobile version