കൊല്ലം: കൊല്ലം ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാര്‍ ഭാഗികമായി സമരത്തില്‍. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള റഫറന്‍സ് ട്രിപ്പുകള്‍ എടുക്കാതെയാണ് ജീവനക്കാര്‍ സമരം നടത്തുന്നത്. ഇതോടെ ജില്ലയില്‍ റഫറന്‍സ് ട്രിപ്പുകള്‍ക്ക് പണം നല്കി സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ജനത്തിന്.
ജൂലൈ 15 ന് മുമ്പ് ശമ്പളം ലഭിച്ചില്ല എങ്കില്‍ 16 മുതല്‍ ശമ്പളം ലഭിക്കുന്നത് വരെ സംസ്ഥാന വ്യാപകമായി റഫറന്‍സ് കേസുകള്‍ ഒഴിവാക്കി സമരം നടത്താനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.
ജൂണ്‍ മാസത്തെ ശമ്പളം പതിനൊന്നാം തിയ്യതി ആയിട്ടും ലഭിക്കാതെ വന്നതോടെയാണ് കൊല്ലം ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാര്‍ റഫറന്‍സ് ട്രിപ്പുകള്‍ ഒഴിവാക്കി സമരം ആരംഭിച്ചത്. കഴിഞ്ഞ മാസവും ശമ്പളം ലഭിക്കാന്‍ വൈകിയപ്പോള്‍ ഇത്തരത്തില്‍ സംസ്ഥാന വ്യാപകമായി 108 ആംബുലന്‍സ് ജീവനക്കാര്‍ സമരം നടത്തിയിരുന്നു.
പദ്ധതി നടത്തിപ്പ് ചുമതലയുള്ള സ്വകാര്യ കമ്പനിക്ക് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നിന്ന് 80 കോടിയിലേറെ രൂപ കുടിശികയുണ്ട് എന്നതാണ് ശമ്പളം ലഭിക്കാന്‍ കാലതാമസമായി പറയുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.
Discussion about this post