മലപ്പുറം: മലപ്പുറം വേങ്ങരയിൽ നവവധുവിനെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയ സംഭവത്തിൽ ഭർത്താവിന് എതിരെ പോലീസ്ചുമത്തിയത് നിസാരമായ വകുപ്പുകൾ. ഭർതൃവീട്ടിൽ നിന്നുണ്ടായ ക്രൂര മർദ്ദനത്തിൽ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ജില്ലാപോലീസ് മേധാവി ഇടപെട്ടതോടെയാണ് എഴുതിച്ചേർത്തത്.
യുവതി പരാതി നൽകിയിട്ടും കാര്യമായ നടപടിയെടുക്കാത്തതിനെ തുടർന്ന് പ്രതിക്ക് രക്ഷപ്പെടാനും സാധിച്ചെന്നാണ് ഉയരുന്ന ആരോപണം. പോലീസിന് ഗുരുതര വീഴ്ച്ച സംഭവിച്ചെന്നും ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതിന് ശേഷമാണ് വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ കേസിൽ ചേർത്തതെന്നും കേസിന്റെ നാൾപഴികൾ പരിശോധിച്ചാൽ വ്യക്തമാകും.
മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പ്രതിയെ പിടികൂടാനും പോലീസിന് കഴിഞ്ഞില്ല. വേങ്ങര സ്വദേശിയായ മുഹമ്മദ് ഫായിസ് വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതൽ ക്രൂരമായി ഉപദ്രവിക്കാൻ ആരംഭിച്ചെന്നാണ് ഭാര്യയായ യുവതിയുടെ പരാതി. പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്ന പെൺകുട്ടി മെയ് മാസം 23 നാണ് മലപ്പുറം വനിതാ പോലീസിൽ പരാതി നൽകിയത്. മേയ് രണ്ടിനായിരുന്നു ഇരുവരുടേയും വിവാഹം.
ഗാർഹിക പീഡനം, ഉപദ്രവം, വിശ്വാസം തകർക്കുന്ന വിധത്തിലുള്ള പെരുമാറ്റം അടക്കമുള്ള നിസാര വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തത്. പിന്നീട് നടപടികൾ ഒന്നും കൈക്കൊള്ളാതിരുന്നതോടെയാണ് യുവതി മെയ് 28 ന് പെൺകുട്ടി മലപ്പുറം എസ് പിക്ക് പരാതി നൽകിയത്.
കേസ് ശക്തമായതോടെ മുഹമ്മദ് ഫായിസും മാതാവ് സീനത്തും മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു. ഇതിനിടെ സീനത്ത് ഹൈക്കോടതിയിൽ നിന്നും അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് നേടുകയും മുഹമ്മദ് ഫായിസും പിതാവ് സൈതലവിയും ഒളിവിൽ പോവുകയും ചെയ്തു. ഫായിസ് വിദേശത്തേക്ക് കടന്നെന്നാണ് യുവതിയുടെ വീട്ടുകാർ ആരോപിക്കുന്നത്.
വിവാഹത്തിന് പിന്നാലെ വധുവിന്റെ സൗന്ദര്യത്തെ ചൊല്ലിയും സ്ത്രീധനം കുറഞ്ഞുപോയെന്ന പേരിലും ഫായിസ് മർദ്ദനം ആരംഭിച്ചെന്നാണ് യുവതിയുടെ പരാതി. സുഹൃത്തുക്കളെ ബന്ധപ്പെടുത്തി കഥകൾ മെനഞ്ഞും മർദ്ദനം തുടർന്നിരുന്നു. പരിക്കേറ്റ് പലതവണ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ആക്രമണത്തിൽ കേൾവിക്ക് തകരാറും നട്ടെല്ലിന് ക്ഷതവും സംഭവിച്ചു.
വനിതാ കമ്മീഷൻ അദാലത്തിൽ നൽകിയ പ്രകൃതി വിരുദ്ധ പീഡനമെന്ന പരാതിയിലും പോലീസ് മെഡിക്കൽ പരിശോധന നടത്തിയില്ല. തുടക്കം മുതൽ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് യുവതി ആരോപിക്കുന്നു.