ആലപ്പുഴ: ഡെപ്യൂട്ടേഷനിൽ ചുമതലയേൽക്കാൻ എത്തിയ ഉദ്യോഗസ്ഥയെ തടഞ്ഞ് സംഘടനാ പ്രവർത്തകരായ സർക്കാർ ജീവനക്കാർ. ജില്ലാ സമഗ്ര ശിക്ഷാ കേരളയിൽ അക്കൗണ്ട്സ് ഓഫീസറായി ചുമതലയേൽക്കാൻ എത്തിയ റെറ്റി പി തോമസ് എന്ന ഉദ്യോഗസ്ഥയെയാണ് എൻ.ജി.ഒ. യൂണിയൻ, കെ.ജി.ഒ.എ. പ്രവർത്തകർ ചേർന്നു തടഞ്ഞത്.
തുടർന്ന് റെറ്റി ഓഫീസ് ഗേറ്റിനു പുറത്ത് ആറു മണിക്കൂറോളം കുത്തിയിരിക്കുകയും ചെയ്തു. സമവായത്തിലെത്താൻ സാധിക്കാതെ വന്നതോടെ ഉദ്യോഗസ്ഥ ചുമതലയേൽക്കാനാകാതെ മടങ്ങുകയുംചെയ്തു. ഡെപ്യൂട്ടേഷൻ നിയമനം പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നാരോപിച്ചാണ് പ്രവർത്തകർ തടസം നിന്നത്.
സെക്രട്ടേറിയറ്റിൽ പൊതുഭരണവകുപ്പിൽ അണ്ടർ സെക്രട്ടറിയായ റെറ്റി തിരുവനന്തപുരം സ്വദേശിനിയാണ്. അക്കൗണ്ട്സ് ഓഫീസർ തസ്തിക പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രമോഷൻ തസ്തികയാണെന്നും മറ്റു വകുപ്പിലെ ഉദ്യോഗസ്ഥരെ നിയമിച്ചാൽ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നുമാണ് സംഘടനാഭാരവാഹികളുടെ വാദം. ഇപ്പോൾ നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കി.
also read- മത്തി പ്രേമികള്‍ക്ക് ആശ്വാസം, കുതിച്ചുയര്‍ന്ന മത്സ്യ വില കുറഞ്ഞുതുടങ്ങി
പൊതുഭരണവകുപ്പിലെ 10 ഉദ്യോഗസ്ഥർക്കാണ് അണ്ടർ സെക്രട്ടറിമാരായി സ്ഥാനക്കയറ്റത്തിനൊപ്പം വിവിധ വകുപ്പുകളിലേക്കു ഡെപ്യൂട്ടേഷനും നൽകി സർക്കാർ ഉത്തരവിറക്കിയത്. ഇതേത്തുടർന്നാണ് റെറ്റി എത്തിയത്. പ്രതിഷേധത്തെ കുറിച്ച് അറിയില്ലായിരുന്നു എന്ന് റെറ്റി പി തോമസ് പിന്നീട് പ്രതികരിച്ചു.
Discussion about this post