ചെര്‍പ്പുളശ്ശേരി: ജോലി തേടി കുടുംബവുമായി കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി ബസുദേവന് നഷ്ടമായത് ഭാര്യയേയും മകനെയും. പാലക്കാട് ചെര്‍പ്പുളശേരിയില്‍ ചൊവ്വാഴ്ചയുണ്ടായ അപകടത്തിലാണ് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം സംഭവിച്ചത്.
വെള്ളിനേഴിയിലെ പശു ഫാമിലെ തൊഴിലാളിയായിരുന്നു ഷമാലി. ഫാമിലെ ജല സംഭരണി തകര്‍ന്ന് ഭാര്യയും മകനും മരിക്കുകയായിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശി ഷമാലി (30), മകന് സാമി റാം(2) എന്നിവരാണ് മരിച്ചത്.
ഒരേ ഗ്രാമത്തില്‍ നിന്നുള്ള ഷമാലിയും ഭര്‍ത്താവ് ബസുദേവും വിവാഹശേഷമാണ് കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തിയത്. ബന്ധുക്കളുടെ എതിര്‍പ്പിന് അവഗണിച്ച് നടന്ന വിവാഹത്തിലെ എതിര്‍പ്പ് മകന് പിറന്നതോടെ അവസാനിച്ചിരുന്നു. ഇവരുടെ മൃതദേഹം തിരികെ പശ്ചിമ ബംഗാളിലേക്കെത്തിക്കാനുള്ള ബുദ്ധിമുട്ടുകള്‍ മൂലം പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍ ഇന്നലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കാരം നടത്തുകയായിരുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായ കേരളത്തില്‍ നിന്ന് തിരികെ പോവാനുള്ള തീരുമാനത്തിലാണ് ബസുദേവ്.
വെള്ളിനേഴ് നെല്ലിപ്പറ്റക്കുന്നിലെ പശുഫാമില്‍ താല്‍ക്കാലികമായി നിര്‍മിച്ച ടാങ്കാണ് പൊട്ടിയത്. സിമന്റ് കൊണ്ട് ഒന്നര വര്‍ഷം മുമ്പ് താല്‍ക്കാലികമായി കെട്ടിയതായിരുന്നു ടാങ്ക്. രതീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഫാം. വെള്ളത്തിന്റെ ശക്തി കാരണം ടാങ്ക് മൂന്ന് ഭാഗത്തേക്കും പൊട്ടിയൊഴുകുകയായിരുന്നു. ഈ വെള്ളത്തിലും ടാങ്കിന്റെ അവശിഷ്ടങ്ങള്‍ക്ക് അടിയിലുമായി അമ്മയും കുഞ്ഞും അകപ്പെട്ട് കിടന്നത് ഒരു മണിക്കൂറാണ്. ഫാമിലുണ്ടായിരുന്നവര്‍ പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Discussion about this post