ഐഎസ്ആർഒ ചാരക്കേസ് പോലീസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം; മടുത്തു, കേസിൽ താൽപര്യമില്ല; സാക്ഷിയാകാമെന്ന് നമ്പി നാരായണൻ

കൊച്ചി: ഐഎസ്ആർഒ ചാരക്കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് സിബിഐ കോടതിയിൽ കുറ്റപത്രം നൽകിയതിനോട് പ്രതികരിച്ച് നമ്പി നാരായണൻ. ഇതിന്റെ യാഥാർത്ഥ്യം നേരത്തെ പുറത്തുവന്നതാണെന്നും തനിക്ക് കേസിലുള്ള താൽപര്യം നഷ്ടപ്പെട്ടെന്നും നമ്പി നാരായണൻ പറഞ്ഞു.

മുൻപെ സത്യം തെളിഞ്ഞതാണ്. സിബിഐ കുറ്റപത്രം മുഖേന അത് ഇപ്പോൾ കോടതിയിൽ പറഞ്ഞു. അത്രമാത്രമെ സംഭവിച്ചിട്ടുള്ളൂ. താൻ കുറ്റക്കാരനല്ലെന്ന് എനിക്ക് തെളിയിക്കണമായിരുന്നു. അത് സംഭവിച്ചു. താൻ കുറ്റം ചെയ്തില്ലെങ്കിൽ അത് ആര് ചെയ്തുവെന്നും തെളിയിക്കണമായിരുന്നു. അതിന് 20 വർഷത്തോളമെടുത്തു. പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം നേരത്തെ സമർപ്പിച്ച റിപ്പോർട്ടിലും ഉണ്ടായിരുന്നെന്നും നമ്പി നാരായണൻ പ്രതികരിച്ചു.

വ്യക്തിപരമായി കേസിൽ താൽപര്യം നഷ്ടപ്പെട്ടെന്നും വേണമെങ്കിൽ സാക്ഷിയാകാമെന്നും നമ്പി നാരായണൻ പറഞ്ഞു. മടുത്തു, ഒരു കേസ് മുപ്പത് വർഷം കൊണ്ടുപോയതുതന്നെ വലിയ കാര്യമായാണ് തോന്നുന്നത്. ഇപ്പോൾ തനിക്ക് പ്രായമായി. പ്രതികളെ ശിക്ഷിച്ചാലും ഇല്ലെങ്കിലും തനിക്ക് താൽപര്യം നഷ്ടപ്പെട്ടു. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചെലവഴിക്കുകയാണെന്നും നമ്പി നാരായണൻ കൂട്ടിച്ചേർത്തു.

ചാരക്കേസ് അന്ന് സിഐ ആയിരുന്ന എസ് വിജയന്റെ സൃഷ്ടിയാണെന്നും ഹോട്ടലിൽ വെച്ച് വിജയൻ മറിയം റഷീദയെ കടന്നുപിടിച്ചപ്പോൾ തടഞ്ഞതാണ് വിരോധമെന്നും കുറ്റപത്രത്തിൽ പറയുന്നു. മറിയം റഷീദയെ അറസ്റ്റ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തത്. കോടതി വീണ്ടും കസ്റ്റഡിയിൽ നൽകാതിരുന്നതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു എന്നും ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച സിബിഐ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ALSO READ- ഒരേ സ്ഥാപനത്തിലെ രണ്ടുപേർക്ക് കോളറ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് കോളറ ബാധിതർ നാല് ആയി

മുൻ എസ്പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, എസ് കെ കെ ജോഷ്വാ, മുൻ ഐ ബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ. സിബി മാത്യൂസ് തെളിവുകളൊന്നുമില്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്നും കുറ്റപത്രത്തിൽ പറയുന്നു.

Exit mobile version