തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി കോളറ രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടു പേർക്കാണ് രോഗം കണ്ടെത്തിയത്. തിരുവനന്തപുരത്ത് ഇതോടെ രോഗം സ്ഥിരീകരിച്ചവർ മൂന്നായി. ഈ മാസം സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായും ഉയർന്നു. നെയ്യാറ്റിൻകരയിൽ പത്തുവയസ്സുകാരനാണ് മറ്റൊരു കോളറ ബാധിതൻ.
നെയ്യാറ്റിൻകര സ്‌പെഷ്യൽ സ്‌കൂൾ ഹോസ്റ്റൽ അന്തേവാസിയാണ് 10 വയസുകാരനായ വിദ്യാർഥി. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടത്തെ അന്തേവാസിയായ അനു (26) മരിച്ചിരുന്നു. കോളറയ്ക്ക് സമാനമായ ലക്ഷണങ്ങളോടെയായിരുന്നു അനുവിന്റെ മരണം.
സംസ്ഥാനത്ത് ആറു മാസത്തിനിടെ ഒമ്പതുപേർക്കാണ് കോളറ സ്ഥിരീകരിച്ചത്. നിലവിൽ 13 പേർ വയറിളക്കരോഗവുമായി മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ചികിത്സയിലാണ്. ഏഴു വർഷംമുമ്പ് 2017-ലായിരുന്നു സംസ്ഥാനത്ത് അവസാനമായി കോളറ മരണമുണ്ടായത്.