കോഴിക്കോട്: സീബ്രാ ലൈനില്‍ വെച്ച് വിദ്യാര്‍ത്ഥികളെ ബസ് ഇടിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് ജില്ലയിലെ മടപ്പള്ളിയിലായിരുന്നു നടുക്കുന്ന സംഭവം നടന്നത്.
വടകര സ്വദേശി വണ്ണാറത്ത് മുഹമ്മദ് ഫുറൈസ് ഖിലാബിനെ (24) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
രണ്ട് ദിവസം മുമ്പാണ് കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അയ്യപ്പന്‍ ബസ് മൂന്ന് വിദ്യാര്‍ത്ഥികളെ ഇടിച്ച് വീഴ്ത്തിയത്. സംഭവത്തിന് പിന്നാലെ ഡ്രൈവറും കണ്ടക്ടറും സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടിരുന്നു.
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ തന്നെയാണ് റോഡിലൂടെ പോകുകയായിരുന്ന വാഹനങ്ങളില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വിദ്യാര്‍ത്ഥികളെ ഇടിച്ചിട്ട ശേഷം ഓടിരക്ഷപ്പെടുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി.