കൊച്ചി: കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പെരുമ്പാവൂരിലാണ് സംഭവം. മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറല്‍ മാനേജര്‍ ലിയോ ജോണ്‍സണ്‍ ആണ് മരിച്ചത്.
ഇരുപത്തിയൊമ്പത് വയസ്സായിരുന്നു. കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കല്‍ ജോണ്‍സന്റെ മകനാണ് ലിയോ ജോണ്‍സണ്‍. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്.
പെരുമ്പാവൂര്‍ ഭജനമഠത്തിനു സമീപമുള്ള മേഘ ആര്‍ക്കേഡിന്റെ മൂന്നാം നിലയില്‍ നിന്നാണ് ലിയോ വീണത്. വരാന്തയിലെ കൈവരിയില്‍ ഇരുന്നപ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.