യുവാവ് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ബിക്കെതിരെ ബന്ധുക്കള്‍

കെഎസ്ഇബിയുടെ അനാസ്ഥയാണ് അബ്ദുല്‍ സലാമിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കൊല്ലം: കരുനാഗപ്പള്ളിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. കെഎസ്ഇബിയുടെ അനാസ്ഥയാണ് അബ്ദുല്‍ സലാമിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

വൈദ്യുതി ലൈനിലെ പ്രശ്‌നങ്ങള്‍ പ്രദേശവാസികള്‍ മുന്‍പ് തന്നെ കെഎസ്ഇബിയെ അറിച്ചതാണെന്നും പരിഹാരം ഉണ്ടായില്ലെന്നുമാണ് ആരോപണം. എന്നാല്‍, ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

ഇന്നലെ ഉച്ചയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. കരുനാഗപ്പള്ളി ഇടക്കളങ്ങര സ്വദേശി അബ്ദുല്‍ സലാമാണ് പൊട്ടുവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്. ഉച്ചയ്ക്ക് വീടിനോട് ചേര്‍ന്നുള്ള ചതുപ്പിന് സമീപത്ത് വെച്ചാണ് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റത്. ചതുപ്പില്‍ വീണുകിടന്ന അബ്ദുല്‍ സലാമിനെ പിടിച്ചുയര്‍ത്താന്‍ ശ്രമിച്ച സഹോദരിക്കും അയല്‍ക്കാരനും ഷോക്കേറ്റു.

പ്രദേശവാസികള്‍ ഓടിയെത്തി മുളങ്കമ്പ് ഉപയോഗിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. അബ്ദുല്‍സലാമിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.

Exit mobile version