ബസിന് മുന്നില്‍ വടിവാള്‍ വീശിയ സംഭവം; ഓട്ടോറിക്ഷ ഡ്രൈവറെ പൊക്കി പോലീസ്

ഐക്കരപ്പടിയില്‍ നിന്നാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ ഷംസുദ്ദീനെ കൊണ്ടോട്ടി പോലീസ് പിടികൂടിയത്.

മലപ്പുറം: കൊണ്ടോട്ടിയില്‍ ഓട്ടോറിക്ഷയിലിരുന്ന് ബസ് ഡ്രൈവര്‍ക്കെതിരെ വടിവാള്‍ വീശിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഓട്ടോ ഡ്രൈവര്‍ പുളിക്കല്‍ സ്വദേശി ഷംസുദ്ദീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഐക്കരപ്പടിയില്‍ നിന്നാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ ഷംസുദ്ദീനെ കൊണ്ടോട്ടി പോലീസ് പിടികൂടിയത്.

ഓട്ടോ സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ ഹോണ്‍ അടിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ഓട്ടോ ഡ്രൈവര്‍ ബസ് ഡ്രൈവര്‍ക്കെതിരെ വടിവാള്‍ വീഴുകയായിരുന്നു.

ഓട്ടോയിലിരുന്ന് വടിവാള്‍ വീശി ബസ് ഡ്രൈവറെ ഭീഷണിപെടുത്തിയ ദൃശ്യം പുറത്തു വന്നതിനു പിന്നാലെ ഷംസുദ്ദീന്‍ ഒളിവില്‍പോയിരുന്നു. നേരത്തേയും കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് ഷംസുദ്ദീന്‍. മദ്യ ലഹരിയിലാണ് ഇയാള്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്നതെന്നും വടിവാള്‍ വീശിയതെന്നുമാണ് പോലീസ് പറയുന്നത്.

കൃഷിപണിക്ക് ഉപയോഗിക്കുന്നതാണ് വാളെന്നാണ് ഷംസുദ്ദീന്‍ പോലീസ് മൊഴി നല്‍കി. മൂര്‍ച്ചകൂട്ടാന്‍ കൊണ്ടുപോകുകയായിരുന്ന വാളാണ് താന്‍ എടുത്ത് വീശിയതെന്നും പ്രതി പറഞ്ഞു.

സ്വകാര്യ ബസിന്റെ അമിത ശബ്ദത്തിലുള്ള ഹോണ്‍ അസഹ്യമായി തോന്നിയതുകൊണ്ടാണ് വാള്‍ വീശിക്കാണിച്ചെതെന്നും ഷംസുദ്ദീന്‍ പോലീസിന് മൊഴി നല്‍കി. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതിനും റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചതിനുമാണു ഇയാളുടെ പേരില്‍ കേസെടുത്തിരിക്കുന്നത്.

സ്വകാര്യ ബസ് കോഴിക്കോട്ടുനിന്നും മഞ്ചേരിയിലേക്ക് പോകുമ്പോള്‍ പുളിക്കല്‍ കൊട്ടപ്പുറത്തിനും കൊളത്തൂര്‍ എയര്‍പോര്‍ട്ട് ജംഗ്ഷനും ഇടയില്‍ വച്ചാണ് മുന്നിലോടുന്ന ഓട്ടോറിക്ഷയിലിരുന്ന് ഡ്രൈവര്‍ ഷംസുദ്ദീന്‍ കയ്യിലിരുന്ന വടിവാള്‍ പുറത്തേക്ക് നീട്ടി വീശി കാണിച്ചത്.

Exit mobile version