തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഓടിക്കൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഡോർ തുറന്നതോടെ പുറത്തേക്ക് തെറിച്ചുവീണ് പ്ലസ്ടുവിദ്യാർഥിക്ക് പരിക്കേറ്റു. തിരുമല എഎംഎച്ച്എസിലെ പ്ലസ് ടു വിദ്യാർത്ഥി സന്ദീപിനാണ് ഗുരുതരമായി പരുക്കേറ്റത്. വിദ്യാർഥിയുടെ ഇരു കൈകളിലും മുട്ടിലും പരുക്കുണ്ട്. ഇടുപ്പിൽ മുറിവുണ്ടായതിനെ തുടർന്ന് മൂന്ന് തുന്നലുണ്ട്.
അതേസമയം, സന്ദീപ് തെറിച്ച് വീണിട്ടും ബസ് നിർത്താതെ പോവുകയായിരുന്നു എന്ന് നാട്ടുകാരും യാത്രക്കാരും പരാതിപ്പെട്ടു. പുറത്തേക്ക് വീണ കുട്ടിയെ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പിതാവും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
അതേസമയം, അപകടത്തിന് കാരണമായ ബസ് നാട്ടുകാരും മറ്റു വാഹന യാത്രക്കാരും ചേർന്ന് സമീപത്ത് തടഞ്ഞിടുകയും ചെയ്തു. സംഭവത്തിൽ സന്ദീപിന്റെ പിതാവ് സതീഷ് കുമാർ മലയിൻകീഴ് പോലീസിൽ പരാതി നൽകി.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവമുണ്ടായത്. കൊല്ലോട്, പൊട്ടൻകാവ് സ്വദേശിയായ സന്ദീപ് സ്‌കൂളിലേക്ക് പോകാനായാണ് ബസിൽ കയറിയത്. അന്തിയൂർക്കോണം പാലം കഴിഞ്ഞപ്പോഴാണ് ഡോർ തുറന്ന് സമീപത്ത് നിൽക്കുകായയിരുന്ന കുട്ടി പുറത്തേക്ക് തെറിച്ച് വീണത്. ബസ് ഗട്ടറിൽ ചാടിയപ്പോഴാണ് ഡോർ തുറന്നതെന്ന് യാത്രക്കാർ പറയുന്നു.
അതേസമയം, കുട്ടി വീഴുന്നത് കണ്ട് കണ്ട് യാത്രക്കാർ ഉറക്കെ വിളിച്ചു പറഞ്ഞിട്ടും ബസ് നിർത്താതെ പോവുകയായിരുന്നു. എന്നാൽ പിന്നാലെ എത്തിയ മറ്റു വാഹന യാത്രക്കാരും നാട്ടുകാരും ചേർന്ന് RAC 387 എന്ന നമ്പരുള്ള ബസ് സമീപത്ത് തടഞ്ഞിട്ടു, പിന്നീട് പോലീസ് എത്തിയാണ് ബസിന് യാത്ര തുടരാൻ അനുമതി നൽകിയത്.
മഴക്കാലമായതോടെ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ കുഴികളിൽ ചാടിയുള്ള അപകടങ്ങൾ ഇവിടെ പതിവാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.