കൊച്ചി: വരുംദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ വടക്കന്‍ കേരളത്തില്‍ മഴ തുടരും. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ഈ ജില്ലകളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ രാത്രി 11.30 വരെ കേരള തീരത്തും തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരള കര്‍ണ്ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.