ഭക്ഷണം കഴിക്കുന്നതിനിടെ കോഴിയിറച്ചിയില്‍ പുഴു, അഴുകിയ ഇറച്ചി വിളമ്പിയ ഹോട്ടലിന് അരലക്ഷം പിഴ; സംഭവം മലപ്പുറത്ത്

പിഴ അടയ്ക്കുന്നതിന് പുറമെ 5,000 രൂപ പരാതിക്കാരനായ ജിഷാദിന് കോടതി ചെലവിനത്തിൽ നൽകണമെന്നും ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.

മലപ്പുറം: മലപ്പുറത്ത് അഴുകിയ കോഴിയിറച്ചി വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. വളാഞ്ചേരിയിലെ വാഴക്കാടന്‍ ജിഷാദ് നല്‍കിയ പരാതിയില്‍ കോട്ടയ്ക്കലിലെ സാന്‍ഗോസ് റസ്റ്റോറന്റിനെതിരെയാണ് കമ്മീഷന്റെ വിധി.

ഭാര്യയും അഞ്ചുവയസ്സുള്ള മകളുമൊത്ത് ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു ജിഷാദ്. വിളമ്പിയ കോഴിയിറച്ചി മകള്‍ക്ക് നല്‍കാനായി ചെറിയ കഷ്ണങ്ങളാക്കുമ്പോഴാണ് അതിനകത്ത് പുഴുവിനെ കണ്ടത്. ഉടനെ ഹോട്ടല്‍ ജീവനക്കാരനെ കാണിച്ച് ബോധ്യപ്പെടുത്തിയെങ്കിലും പരാതിക്കാരനോട് അപമര്യാദയായി പെരുമാറുകയാണ് ചെയ്തത്.

തുടര്‍ന്ന് ജിഷാദ് കോട്ടയ്ക്കല്‍ നഗരസഭയിലും ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസിലും പരാതി നല്‍കി. മുനിസിപ്പല്‍ ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വന്ന് സ്ഥാപനം അടച്ചുപൂട്ടുകയും ശുചീകരണ പ്രവൃത്തിക്ക് ശേഷമേ തുറക്കാവൂ എന്ന് ഉത്തരവിടുകയും ചെയ്തു. ശേഷം പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു.

കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ റസ്റ്റോറന്റ് ഉടമ മറുപടി ബോധിപ്പിക്കുന്നതില്‍ വീഴ്ച വരുത്തി. തുടര്‍ന്ന് പരാതിക്കാരന്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച കമ്മിഷന്‍ പരാതിയില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തിയാണ് റെസ്റ്റോറന്റ് ഉടമയ്‌ക്കെതിരെ 50,000
പിഴ വിധിച്ചത്.

Exit mobile version