മദ്യപിച്ചെത്തിയ വിദ്യാര്‍ത്ഥിയെ കോളേജില്‍ കയറ്റിയില്ല, വൈരാഗ്യത്തില്‍ സെക്യൂരിറ്റിയെ വിദ്യാര്‍ത്ഥി കുത്തിക്കൊന്നു

ബെംഗളുരു കെംപെപുരയിലെ സിന്ധി കോളേജിലാണ് സംഭവമുണ്ടായത്.

ബംഗളൂരു: ബംഗളൂരുവിലെ കോളേജില്‍ മദ്യപിച്ചെത്തിയ വിദ്യാര്‍ത്ഥിയോട് കോളേജില്‍ കയറ്റില്ലെന്ന് പറഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. പശ്ചിമബംഗാള്‍ സ്വദേശി ജയ് കിഷന്‍ റോയ് എന്ന സെക്യൂരിറ്റി ജീവനക്കാരനെയാണ് വിദ്യാര്‍ത്ഥി കുത്തിക്കൊന്നത്. സംഭവത്തില്‍ അസം സ്വദേശി ഭാര്‍ഗവ് ജ്യോതി ബര്‍മന്‍ എന്ന വിദ്യാര്‍ത്ഥിയെ പോലീസ് സംഘം അറസ്റ്റ് ചെയ്തു.

മദ്യപിച്ചെത്തിയ വിദ്യാര്‍ത്ഥിയെ ക്യാമ്പസിനകത്ത് കയറ്റാത്തതിനാണ് അരുംകൊല നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ബംഗളൂരു കെംപെപുരയിലെ സിന്ധി കോളേജിലാണ് സംഭവമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നു.

ALSO READ ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു, 24 മണിക്കൂറിനിടെ പൊളിഞ്ഞ് വീണത് മൂന്ന് പാലങ്ങള്‍; അന്വേഷണത്തിന് ഉത്തരവ്

ഇന്നലെ കോളേജില്‍ ക്യാമ്പസ് ഫെസ്റ്റ് നടക്കുകയായിരുന്നു. പുറത്ത് പോകാന്‍ ഇറങ്ങിയ ഭാര്‍ഗവിനെ സെക്യൂരിറ്റി തടഞ്ഞു. പുറത്ത് പോയാല്‍ തിരിച്ച് കയറാന്‍ പറ്റില്ലെന്നും പറഞ്ഞു. ഇത് കേള്‍ക്കാന്‍ തയ്യാറാകാതെ ഭാര്‍ഗവ് പുറത്തേക്ക് പോയി. അല്‍പ്പ സമയത്തിന് ശേഷം മദ്യപിച്ച നിലയിലാണ് ഭാര്‍ഗവ് തിരിച്ചെത്തിയത്. ഈ നിലയില്‍ അകത്ത് കയറ്റാന്‍ കഴിയില്ലെന്ന് സെക്യൂരിറ്റി ജയ് കിഷന്‍ റോയ് പറഞ്ഞു. പിന്നാലെ വീണ്ടും പുറത്ത് പോയ ഭാര്‍ഗവ്, കത്തി വാങ്ങി തിരിച്ച് വന്ന് ജയ് കിഷന്‍ റോയിയെ കുത്തുകയായിരുന്നു. നെഞ്ചിന് കുത്തേറ്റ ജയ് കിഷന്‍ റോയ് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.

Exit mobile version