ജെല്ലി ഫിഷ് കണ്ണിലിടിച്ച് അസ്വസ്ഥത; ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം തിരുവനന്തപുരത്ത്

പൂവാർ: മത്സ്യബന്ധനത്തിനിടെ ജെല്ലി ഫിഷ് (കടൽചൊറി) കണ്ണിലിടിച്ച് അസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സയിലായരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം കരുംകുളം പള്ളം അരത്തൻതൈ പുരയിടത്തിൽ പ്രവീസ് (57) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മീൻപിടിക്കുന്നതിനിടെയാണ് പ്രവീസിന്റെ മുഖത്തും കണ്ണിലും ജെല്ലി ഫിഷ് പറ്റിയത്. തുടർന്ന് അസ്വസ്ഥതയുണ്ടായതായി ബന്ധുക്കൾ പറയുന്നു.

ആദ്യം ചൊറിച്ചിൽ അനുഭവപ്പെടുകയും പിന്നീട് കണ്ണിൽ നീരു പടർന്ന് വീർക്കുകയും ചെയ്തു. പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും അസ്വസ്ഥത കൂടിയതോടെ അവിടെ നിന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും എത്തിച്ചു.

മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു. ജെല്ലി ഫിഷ് കണ്ണിൽ ഇടിച്ചുണ്ടായ അസ്വസ്ഥതയാണ് മരണകാരണമെന്ന് ബന്ധുക്കൾ പറയുന്നുണ്ടെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാവൂവെന്ന് കാഞ്ഞിരംകുളം പോലീസ് പറഞ്ഞു.
also read- സ്‌കൂളിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക്, സംഭവം ആലപ്പുഴയില്‍
ജയിൻശാന്തിയാണ് ഭാര്യ. മക്കൾ: രാഖി, രാജി, ദിലീപ്. മരുമക്കൾ: ഷിബു, ജോണി, ഗ്രീഷ്മ. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Exit mobile version