പാലക്കാട്: പന്നയങ്കര ടോൾ പ്ലാസയിൽ സ്കൂൾ വാഹനങ്ങളിൽ നിന്നും പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനുള്ള തീരുമാനം പിൻവലിച്ച് അധികൃതർ. ഇന്ന് മുതൽ ടോൾ പിരിച്ചുതുടങ്ങുമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. എന്നാൽ നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനുള്ള തീരുമാനം പന്നിയങ്കര ടോൾ പ്ലാസ പിൻവലിക്കുകയായിരുന്നു.
വിവിധ സമരസമിതികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സമരത്തെ തുടർന്നാണ് ടോൾ പിരിക്കാനുള്ള തീരുമാനം കമ്പനി മാറ്റിവെച്ചത്. ടോൾ ആരംഭിച്ച കാലം മുതൽ കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിൽ ഉള്ളവർക്ക് പന്നിയങ്കരയിലൂടെ യാത്ര സൗജന്യമായിരുന്നു.
എന്നാൽ, ഇന്ന് മുതൽ പ്രദേശവാസികളിൽ നിന്നും മാസം 340 രൂപ ടോൾ നിരക്കായി ഈടാക്കാൻ കരാർ കമ്പനി തീരുമാനിച്ചിരുന്നു. ഇത് അനുവദിക്കില്ലെന്ന് കാണിച്ച് വിവിധ സമര സമിതികളും, രാഷ്ടീയം പാർട്ടികളും ടോളിലേക്ക് പ്രതിഷേധവുമായെത്തി. തീരുമാനം താത്കാലികമായി പിൻവലിച്ചെങ്കിലും കളക്ടർ ടോൾ കമ്പനിയുമായി ചർച്ച നടത്തി വിഷയത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Discussion about this post