തിരുവനന്തപുരം: വെൺപാലവട്ടത്ത് ദേശീയ പാതയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. കോവളം വെള്ളാർ സ്വദേശിനി സിമി (35) ആണ് മരിച്ചത്. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കുഞ്ഞടക്കം 3 പേരാണ് മേൽപ്പാലത്തിൽ നിന്ന് താഴെയുളള സർവ്വീസ് റോഡിലേയ്ക്ക് വീണ് അപകടത്തിൽപ്പെട്ടത്.
സഹോദരങ്ങളായ കോവളം വെള്ളാർ സ്വദേശിനി സിനി (32) സിമി (35) സിമിയുടെ മകൾ ശിവന്യ (3) എന്നിവരാണ് സ്‌കൂട്ടറില് സഞ്ചരിച്ചിരുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഉടനെ തന്നെ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സിമിയുടെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ സിമിയുടെ നില അതീവ ഗുരുതരമായിരുന്നു. ഇവരെ ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും അൽപസമയത്തിനകം മരണം സംഭവിച്ചു. പേട്ട പോലീസ് നടപടികൾ സ്വീകരിച്ചു.