നീന്തൽ പഠിച്ചത് രക്ഷയായി; കാൽതെന്നി കുത്തിയൊലിക്കുന്ന പെരിയാറിൽ വീണിട്ടും 10 വയസുകാരി നീന്തി കരപറ്റി; അളകനന്ദയ്ക്ക് അഭിനന്ദനം

ഇടുക്കി: പാലത്തിൽ നിന്നും കാൽതെന്നി പുഴയിലേക്ക് വീണ 10 വയസുകാരി നീന്തി രക്ഷപ്പെട്ട് നാട്ടിലാകെ താരമായിരിക്കുകയാണ്. അളകനന്ദയെന്ന മിടുക്കിയാണ് തനിയെ നീന്തികയറിയത്. കൂടെയുണ്ടായിരുന്ന അമ്മയുടെ കരച്ചിൽ കേട്ട് നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി ഓടി എത്തിയപ്പോഴേക്കും അളകനന്ദ നീന്തി കരയോടടുത്തിരുന്നു. ഉടനെ തന്നെ നാട്ടുകാർ കരയ്ക്ക് കയറ്റി ആശുപത്രിയിലെത്തിച്ചു. ഇടുക്കി വള്ളക്കടവിലാണ് സംഭവം.

സംഗീതയുടെ മകൾ അളകനന്ദയാണ് മനസാന്നിധ്യം കൈവിടാതെ തന്റെ നീന്തൽ പരിചയം മുതലെടുത്ത് രക്ഷപ്പെട്ടത്. പല അപകട വാർത്തകളും നെഞ്ചുലയ്ക്കുന്നതിനിടെയാണ് ഈ മിടുക്കിയുടെ മാതൃകാ പ്രവർത്തി. ഏലപ്പാറ അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൽ വെച്ച് അമ്മ സംഗീതയ്‌ക്കൊപ്പം നടന്ന് പോകവെയാണ് അളകനന്ദ പുഴയിലേക്ക് വീണത്. കൈവരിയില്ലാത്ത പാലത്തിൽ നിന്നും കാല് തെന്നിയതോടെ നേരെ പെരിയാറിലേക്ക് വീഴുകയായിരുന്നു.

പുഴയിലേക്ക് വീണ ഉടനെ തന്നെ മുങ്ങിപ്പോകാതെ നീന്തി നിൽക്കാൻ ശ്രമിച്ചു. പിന്നീട് ഇടത്തേക്ക് നീന്തി കൈയ്യിൽകിട്ടിയ ചെടിയിൽ പിടിച്ച് കയറുകയായിരുന്നു. കൂടെയുണ്ടായിരുന്ന അമ്മ പരിഭ്രാന്തയായി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. കുട്ടി കരയ്‌ക്കെത്തിയപ്പോഴേക്കും ആശുപത്രിയിലെത്തിച്ചു.

ALSO READ- മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണു, ഒരു കുടുംബത്തിലെ 3 കുട്ടികള്‍ക്ക് ദാരുണാന്ത്യം

സ്‌കൂൾ ബാഗും ഉൾപ്പെടെയാണ് പുഴയിൽ വീണത്. ബാഗ് ഉണ്ടായത് കൊണ്ടാണ് വെള്ളത്തിൽ പൊങ്ങിക്കിടന്നതെന്നും കുട്ടി പറയുന്നു. നീന്താൻ നേരത്തെ കുറച്ച് പേടിയുണ്ടായിരുന്നു. താഴോട്ട് വീണപ്പോൾ പേടി തോന്നി. രണ്ടാം ക്ലാസ് മുതൽ അമ്മ നീന്തൽ പഠിപ്പിച്ചിരുന്നു. അതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് അളകനന്ദ പറയുന്നത്.

മകൾ വീണതോടെ പുഴയിലേക്ക് കൂടെ ചാടാൻ ശ്രമിച്ചിരുന്നു. എന്നാൽ, മകൾ നീന്തിക്കയറുമെന്ന് തോന്നിയപ്പോഴാണ് ചാടാതിരുന്നത്. മകൾ ഇത്രയും ഒഴുക്കുള്ള വെള്ളത്തിൽ നീന്തുമോ എന്ന് പേടിയുണ്ടായിരുന്നെന്നാണ് അമ്മ സംഗീത പറയുന്നത്.

Exit mobile version