കോഴിക്കോട്: കോഴിക്കോട്ടെ പുതിയങ്ങാടിയിൽ വാടകയ്ക്ക് എടുത്ത വീട്ടിൽ നടത്തിവന്നിരുന്ന വൻലഹരിവ്യാപാരം കൈയ്യോടെ പിടികൂടി പോലീസ്. രണ്ട് കോടിയിലധികം രൂപ വില വരുന്ന ലഹരിമരുന്നാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. കേസിൽ പ്രതിയായ ഒരു യുവതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുന്നപ്ര സ്വദേശിയായ പി എസ് ജൂമിയെ (26) ആണ് ബംഗളൂരുവിൽ നിന്നും പിടികൂടിയത്. വെള്ളയിൽ ഇൻസ്പെക്ടർ ജി ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജൂമിയെ പിടികൂടിയത്.
കഴിഞ്ഞ മേയ് 19നാണ് സംഭവം. കോഴിക്കോട് പുതിയങ്ങാടിയിലെ വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പോലീസ് മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് നിന്നും ഉടൻ ഓടി രക്ഷപ്പെട്ട നിലമ്പൂർ സ്വദേശി ഷൈൻ ഷാജിയെ ബംഗളൂരുവിൽ നിന്നും പെരുവണ്ണാമൂഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യനെ കുമളിയിൽ നിന്നും പിന്നീട് അറസ്റ്റ് ചെയ്തു.
ALSO READ-കേരളത്തിൽ കാലവർഷം ദുർബലമായി; മഴ മുന്നറിയിപ്പില്ല; ജൂലൈയിൽ കാലവർഷം വീണ്ടുമെത്തും
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മയക്കുമരുന്ന് കോഴിക്കോട്ടേക്ക് എത്തിക്കുന്ന കാരിയറായി പ്രവർത്തിച്ചത് ജൂമിയാണെന്ന് ബോധ്യമായത്. പിന്നീട് ജൂമിയെയും പോലീസ് പിടികൂടുകയായിരുന്നു. വെള്ളയിൽ എസ് ഐ ദീപു കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ദീപു, സിറ്റി ക്രൈം സ്‌ക്വാഡിലെ എ പ്രശാന്ത് കുമാർ, ഷിജില, സ്നേഹ, ഷിനിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.