സർക്കാർ ആശുപത്രിയിൽ ഫഹദ് ഫാസിലിന്റെ സിനിമാ ഷൂട്ടിങ്; അത്യാഹിത വിഭാഗത്തിൽ വലഞ്ഞ് രോഗികൾ; അങ്കമാലിയിലെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ

കൊച്ചി: എറണാകുളം അങ്കമാലി താലൂക്ക് ആശുപത്രിയിൽ രോഗികളെയും കൂട്ടിരിപ്പുകാരെയും ബുദ്ധിമുട്ടിച്ച് ഫഹദ് ഫാസിലിന്റെ സിനിമയുടെ ചിത്രീകരണം. വ്യാഴാഴ്ച രാത്രി അത്യാഹിത വിഭാഗത്തിൽ നടന്ന ചിത്രീകരണം രോഗികളെ വലച്ചതിന് പിന്നാലെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു.

ഫഹദ് ഫാസിൽ നിർമിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഈ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വികെ ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമീഷൻ നിർദേശം നൽകിയത്.

വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കിയായിരുന്നു സിനിമാ ചിത്രീകരണം നടത്തിയത്. രാത്രി ഒമ്പതോടെയാണ് ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ചിത്രീകരണം രോഗികളെയും കൂട്ടിരിപ്പുകാരെയും നരകത്തിലാക്കി. അഭിനേതാക്കൾ ഉൾപ്പെടെ 50 ഓളം പേർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു. ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നതും വലിയ വീഴ്ചായയി.

ALSO READ- ഐസ്‌ക്രീമിൽ നിന്നും ലഭിച്ച വിരൽ മനുഷ്യന്റേത് തന്നെ; ഐസ്‌ക്രീം ഫാക്ടറിയിലെ തൊഴിലാളിയുടെതെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ

പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാൾക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാനായില്ല. പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിടാതിരുന്നതും ദുരിതമായി. ചിത്രീകണ സമയത്ത് നിശബ്ദത പാലിക്കാൻ അണിയറ പ്രവർത്തകർ രോഗികളോടും കൂട്ടിരിപ്പുകാരോടും നിർദേശിച്ചിരുന്നു. രണ്ടു ദിവസമാണ് ചിത്രീകരണം നടക്കുന്നത്.


പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടന്ന അവകാശ ലംഘനത്തിന് എതിരെ പ്രതിഷേധം ഉയരുകയാണ്. സ്വകാര്യ ആശുപത്രിയുടെ സെറ്റ് എന്ന നിലയിലാണ് സർക്കാർ ആശുപത്രി സിനിമയിൽ ചിത്രീകരിച്ചതെന്നാണ് വിവരം.

Exit mobile version