തിരുവനന്തപുരം: സേവനത്തിനിടെ മരണപ്പെട്ട മലയാളിയായ സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിയുമായി ബന്ധുക്കൾ. രാജസ്ഥാനിൽ ഹൃദയസ്തംഭനം മൂലം മരിച്ച സൈനികൻ പൂവാർ സ്വദേശി ഡി സാമുവേലിന്റെ മൃതദേഹമ ജീർണിച്ച അവസ്ഥയിൽ നാട്ടിലെത്തിച്ചെന്നാണ് പരാതി. തുടർന്ന് മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ പ്രതിഷേധിച്ചു.
സൈനികന്റെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം ജീർണിച്ച അവസ്ഥയിൽ എത്തിച്ചതിലാണ് ബന്ധുക്കൾ പ്രതിഷേധിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കളുടെ മേൽനോട്ടത്തിൽ ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
കഴിഞ്ഞ 18ന് നാട്ടിലെത്തി മടങ്ങിയ 59 കാരനായ സാമുവൽ രാജസ്ഥാനിലെ വാൾമീറിൽ ബിഎസ് എഫ് ബറ്റാലിയനിയിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. പിന്നാലെ കഴിഞ്ഞ 24 ന് ഹൃദയസ്തംഭനംമൂലം സാമുവൽ മരിച്ചതായി വീട്ടിലേക്ക് അറിയിപ്പ് എത്തി. 26 ന് രാത്രി 11 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചു.
പെട്ടി പുറത്തെടുത്തപ്പോഴേ ദുർഗന്ധം അനുഭവപ്പെട്ടിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് നേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. പെട്ടിതുറന്നപ്പോൾ വളരെ ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു.