രൂക്ഷമായ കടലാക്രമണം; എടവനക്കാട് നാളെ ഹര്‍ത്താലിന് ആഹ്വാനം

രൂക്ഷമായ കടല്‍ക്ഷോഭത്തിന് പിന്നാലെ പ്രാദേശിക കൂട്ടായ്മയായ ജനകീയ സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

കൊച്ചി: എറണാകുളം എടവനക്കാട് പഞ്ചായത്തില്‍ നാളെ (വ്യാഴാഴ്ച) ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. രൂക്ഷമായ കടല്‍ക്ഷോഭത്തിന് പിന്നാലെ പ്രാദേശിക കൂട്ടായ്മയായ ജനകീയ സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

എറണാകുളം ചെറിയകടവ് മേഖലയില്‍ കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. ഒരു വീട് ഭാഗികമായി തകര്‍ന്നു. കണ്ണമാലിയിലും വീടുകളില്‍ വെള്ളം കയറുന്നത് തുടരുകയാണ്.

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും വ്യാപകമായി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Exit mobile version