മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 53 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. അടക്കാകുണ്ട് സ്വദേശി ശ്രീജിത്തിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
30,000 രൂപ പിഴ അടക്കാനും കോടതി വിധിച്ചു. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും എട്ടു മാസവും അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജി എസ് സൂരജ് ഉത്തരവിട്ടു.
also read:കാസര്‍കോട്ട് കനത്ത മഴ, കരകവിഞ്ഞൊഴുകി മധുവാഹിനി പുഴ, മധൂര്‍ സിദ്ധിവിനായക ക്ഷേത്രം വെള്ളത്തില്‍
2021ലാണ് കേസിനാസ്പദമായ സംഭവം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകളിലായി 33 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും പോക്സോ വകുപ്പില്‍ 20 വര്‍ഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.
ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചാല്‍ 30,000 രൂപ അതിജീവിതയ്ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു. കാളികാവ് ഇന്‍സ്പെക്ടറായിരുന്ന ഹിദായത്തുള്ള മാമ്പ്രയാണ് കേസ് അന്വേഷിച്ചത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി പരമേശ്വരത്ത് ഹാജരായി.