കൊച്ചി: അസൗകര്യം കാരണം വിമാനടിക്കറ്റ് മറ്റൊരുദിവസത്തേക്ക് മാറ്റിനൽകാൻ ആവശ്യപ്പെട്ട് കയർത്ത് സംസാരിച്ച യുവാവിനെ, എയർഇന്ത്യ വിമാനത്തിൽ ബോംബ് വെച്ചെന്ന് ഭീഷണി മുഴക്കിയ കേസിൽ കസ്റ്റഡിയിലെടുത്തു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശി സുഹൈബി(29)നെ നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്.
ലണ്ടനിൽനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ എയർഇന്ത്യ വിമാനത്തിൽനിന്ന് മകൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നെന്നും തുടർന്ന് ഇതിനെ താൻ ചോദ്യം ചെയ്തതിലുള്ള പ്രതികാര നടപടിയാണ് ഇതെന്നുമാണ് യുവാവിന്റെ ആരോപണം.
മകൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനാൽ തിരികെയുള്ള വിമാനടിക്കറ്റ് മറ്റൊരുദിവസത്തേക്ക് മാറ്റിനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് വിമാനക്കമ്പനി അനുവദിച്ചില്ല. കൂടാതെ അമിതമായ തുക ആവശ്യപ്പെടുകയും ചെയ്തു. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ യുവാവ് അധികൃതരോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ യുവാവ് വ്യാജ ബോംബ് ഭീഷണി മുഴക്കിയെന്നാണ് പോലീസ് പറയുന്നത്.
ചൊവ്വാഴ്ച രാവിലെ 11.50-ന് ലണ്ടനിലേക്കുള്ള എയർഇന്ത്യ വിമാനത്തിൽ യാത്രചെയ്യാനായി കുടുംബത്തോടൊപ്പം വിമാനത്താവളത്തിൽ എത്തിയ സുഹൈബിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ALSO READ- ടെലിവിഷൻ മറിഞ്ഞുവീണ് പരിക്കേറ്റു; മൂവാറ്റുപുഴയിൽ ഒന്നരവയസുകാരന് ചികിത്സയ്ക്കിടെ ദാരുണമരണം
പരിശോധനകളുടെ ഭാഗമായി യാത്രക്കാരനെ ആദ്യം ഉദ്യോഗസ്ഥർ തടഞ്ഞുവെയ്ക്കുകയും പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എന്നാൽ, ദിവസങ്ങൾക്ക് മുമ്പ് ലണ്ടനിൽനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ എയർഇന്ത്യ വിമാനത്തിൽനിന്ന് ഭക്ഷണം കഴിച്ച മകൾക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്നും ആരോഗ്യനില മോശമായെന്നും തുടർന്നാണ ്ഇതെല്ലാം സംഭവിച്ചതെന്നുമാണ് യുവാവിന്റെ മൊഴി.