പാലക്കാട്: പട്ടാമ്പിയില്‍ വീട് കുത്തിത്തുറന്ന് വന്‍ മോഷണം. മരുതൂരില്‍ അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 38 പവന്‍ സ്വര്‍ണ്ണാഭരണവും 16000 രൂപയും മോഷണം പോയി. അബുബക്കറിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആശുപത്രി ആവശ്യത്തിനായി തൃശൂരില്‍ പോയതായിരുന്നു അബൂബക്കറും കുടുംബവും. തിരിച്ച് വരാന്‍ വൈകിയതോടെ ബന്ധുവീട്ടില്‍ താമസിച്ചു. ഈ അവസരം മുതലെടുത്താണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്.
രാവിലെ ജോലിക്കാരി എത്തിയപ്പോള്‍ വീടിന്റെ വാതില്‍ പൊളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ ജോലിക്കാരി അബൂബക്കറെ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മോഷണം നടന്നതായി മനസ്സിലായത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. അയല്‍വാസി സൂക്ഷിക്കാന്‍ നല്‍കിയതുള്‍പ്പെടെ സ്വര്‍ണ്ണമാണ് മോഷണം പോയതെന്ന് അബൂബക്കര്‍ പറഞ്ഞു. അബൂബക്കറിന്റെ പരാതിയെ തുടര്‍ന്ന് പട്ടാമ്പി പൊലീസ് സ്ഥലത്ത് പരിശോധിച്ചു. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.