കൊച്ചി: കഴിഞ്ഞദിവസം മാടവനയിൽ ദേശീയപാതയിൽ കല്ലട ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്ക് യാത്രക്കാരന് മുകളിലേക്ക് പതിച്ചുണ്ടായ അപകടം കവർന്നത് ഒരു കുടുംബത്തിന്റെ ഏകഅത്താണിയെ. വാഗമൺ കോട്ടമല ഉളുപ്പണി മണിയമ്പ്രായിൽ ജിജോ സെബാസ്റ്റിയൻ (33) ആണ് മാടവനയിലെ അപകടത്തിൽ മരിച്ചത്.
എട്ടുവർഷമായി എറണാകുളം ജയലക്ഷ്മി സിൽക്സിലെ അക്കൗണ്ട്സ് വിഭാഗം ജീവനക്കാരനായിരുന്നു ജിജോ. സഹപ്രവർത്തകർക്കുൾപ്പടെ പ്രിയപ്പെട്ട വ്യക്തി. സൗമ്യമായ പെരുമാറ്റത്തെ കുറിച്ച് മാത്രമാണ് സുഹൃത്തുക്കൾക്ക് പറയാനുള്ളത്. ജിജോ സംഭവ ദിവസം ചേർത്തലയിലേക്ക് പുറപ്പെട്ടതായിരുന്നു.
ഭാര്യാസഹോദരി എമിലിയുടെ വീട്ടിലേക്ക് പോയതായിരുന്നു ജിജോയുടെ ഭാര്യയും ഒന്നേകാൽ വയസുള്ള മകളും. ഞായറാഴ്ച അവധിയായതിനാൽ അവരെ കൂട്ടാൻ പോകുന്ന വഴിയാണ് ബസ് ജിജോയുടെ മുകളിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. മരിച്ച ജിജോ സെബാസ്റ്റിയന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ജിജോ ജോലി ചെയ്തിരുന്ന വസ്ത്രവ്യാപാരശാലയിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകും. നാളെയാണ് സംസ്കാരം.
അതേസമയം, ബസ് മറിയാനുണ്ടായ കാരണം കല്ലട ബസിന്റെ അമിത വേഗമെന്നാണ് നിഗമനം. മഴ പെയ്ത് നനഞ്ഞുകിടന്ന റോഡിൽ പെട്ടെന്ന് ഡ്രൈവർ ബ്രേക്ക് ചവിട്ടിയതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്.
ALSO READ-അക്ഷയ് കുമാറിന്റെ പ്രതിഫലം മാത്രം 100 കോടി; കളക്ട് ചെയ്തത് 59 കോടിയും; കടം വീട്ടാൻ ഓഫീസ് വിറ്റ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ നിർമാതാവ്
ബസിന്റെ പിന്നിലെ രണ്ടു ടയറുകളും ഏറെക്കുറെ തേഞ്ഞ നിലയിലായിരുന്നു. കൂടാതെ, ജംഗ്ഷനിലെ സിഗ്നൽ സംവിധാനത്തിലെ അപാകത സംബന്ധിച്ചും മോട്ടോർ വാഹനവകുപ്പിന് സംശയങ്ങൾ ഉണ്ട്. ഇതും അപകടത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
അപകടത്തെ തുടർന്ന് ബസ് ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമാംവിധം വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. അപകടത്തിൽ ബസ് യാത്രക്കാരായ നിരവധിപ്പേർക്കാണ് പരിക്കേറ്റിരുന്നു. ഇതിൽ 13 പേർ ചികിത്സയിലാണ്.