കേണിച്ചിറയില്‍ കൂട്ടിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍; കാട്ടിലേക്ക് വിടില്ല

tiger|bignewslive

വയനാട്: കേണിച്ചിറയില്‍ നിന്നും പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍. കടുവയുടെ മുന്‍വശത്തെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞ നിലയിലാണ്. നിലവില്‍ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ് കടുവയുള്ളത്.

കടുവയെ മൃഗശാലയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കടുവയെ കാട്ടിലേക്ക് വിടാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.

കടുവയെ ഇന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. ഞായറാഴ്ച രാത്രിയോടെയാണ് കടുവ കൂട്ടിലായത്. കേണിച്ചിറയില്‍ മൂന്നു ദിവസമായി വളര്‍ത്തുമൃഗങ്ങളെ കൊന്നുകൊണ്ടിരുന്ന കടുവയാണ് കൂട്ടിലായത്.

വനം വകുപ്പിന്റെ ഡാറ്റാബേസിലുള്ള തോല്‍പ്പെട്ടി 17 എന്ന 10 വയസുള്ള ആണ്‍ കടുവയാണിത്. കടുവയെ പിടികൂടാന്‍ മയക്കു വെടി വയ്ക്കാനായി ഉത്തരവിറങ്ങിയെങ്കിലും ദൗത്യത്തിനു മുന്‍പേ താഴേക്കിഴക്കേതില്‍ സാബുവിന്റെ വീട്ടുവളപ്പില്‍ വച്ച കെണിയില്‍ കടുവ കുടുങ്ങി.

Exit mobile version