കോഴിക്കോട്: വഴിയിൽ പേഴ്‌സ് കളഞ്ഞുപോയാൽ പേഴ്‌സിലെ പണം പോയാലും വിലപ്പെട്ട രേഖകൾ തിരികെ കിട്ടിയാൽ മതിയായിരുന്നെന്ന് ആലോചിക്കുന്നവരാണ് പലരും. ഇപ്പോഴിതാ കോഴിക്കോട് സ്വദേശിയായ വിപിന് ഇത്തരത്തിലൊരു അനുഭവമാണ് ഉണ്ടായിരിക്കുന്നത്. കളഞ്ഞുപോയ പേഴ്‌സിലെ രേഖകളെല്ലാം നഷ്ടപ്പെട്ട ദുഃഖത്തിലായിരുന്ന വിപിന് പെട്ടെന്നൊരു ദിവസം തപാലിൽ പാഴ്‌സലായി കളഞ്ഞു പോയ പേഴ്‌സ് തിരികെ കിട്ടുകയായിരുന്നു.
ഈ പേഴ്‌സിനൊപ്പം ഒരു കുറിപ്പും അജ്ഞാതൻ തപാലിൽ അയച്ചിട്ടുണ്ടായിരുന്നു. കളഞ്ഞുകിട്ടിയ പേഴ്‌സിൽനിന്ന് ‘പിഴത്തുകയും’ തപാൽചാർജും ഈടാക്കിയ ശേഷം ബാക്കിയുള്ള തുകയും രേഖകളുമടക്കം അജ്ഞാതൻ അയച്ചുനൽകുകയായിരുന്നു.
കോഴിക്കോട് കീഴരിയൂരിലാണ് സംഭവം. ഒന്നര ആഴ്ച മുൻപ് കീഴരിയൂർ മണ്ണാടിമേൽ സ്വദേശിയായ വിപിൻ രാജിന്റെ പേഴ്‌സ് കളഞ്ഞു പോവുകയായിരുന്നു. ഓട്ടോ ഡ്രൈവറായ വിപിൻ, മേപ്പയൂർ ഭാഗത്ത് ഓട്ടം പോയിരുന്നു. ഇവിടെ എവിടെയോ വെച്ചാണ് പോക്കറ്റിൽ നിന്നും പേഴ്‌സ് വീണുപോയത്. 530 രൂപയും ആധാർ കാർഡും എടിഎം കാർഡും ഉൾപ്പെടെയുള്ള രേഖകളാണ് വീണുപോയ പേഴ്‌സിൽ ഉണ്ടായിരുന്നത്.
ഇനി അതൊന്നും തിരിച്ചുകിട്ടില്ലെന്ന് ഉറപ്പിച്ചപ്പോഴാണ് വിപിനെ തേടി തപാലെത്തിയത്. ഒരു കവറിൽ പേഴ്‌സിൽ ഉണ്ടായിരുന്ന സാധനങ്ങളും ഒപ്പം ഒരു കത്തുമാണ് 2 ദിവസം മുന്ഡപ് കിട്ടിയത്.
അജ്ഞാതന്റെ കത്തിങ്ങനെ: ‘മൊത്തം തുക 530. 500 രൂപ പേഴ്‌സ് കളഞ്ഞതിനുള്ള ഫൈനായി ഈടാക്കുന്നു. 20 രൂപ തപാൽചാർജ് ആയി. ബാക്കി 10 രൂപ ഇതിനോടൊപ്പം വെച്ചിട്ടുണ്ട്. ഹെൽമറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചാലും സീറ്റ് ബെൽറ്റ് ഇടാതെ കാർ ഓടിച്ചാലും ഫൈൻ ഈടാക്കും. അവനവന്റെ സാധനം സൂക്ഷിക്കാത്തതിനാണ് ഈ ഫൈൻ ഈടാക്കുന്നത്. ഇത് ഒരു പാഠം ആക്കണം. ഇത് ചെയ്തില്ലെങ്കിൽ താങ്കൾ ഇനിയും സൂക്ഷിക്കില്ല’.
ALSO READ- ഐഎസ്ആർഒ ഉദ്യോഗസ്ഥ, ഐഎഎസ് വിദ്യാർഥിനി; വിവാഹവാഗ്ദാനം നൽകി 35കാരിയുടെ തട്ടിപ്പും ഹണിട്രാപ്പും; കുടുങ്ങിയത് പോലീസ് ഉദ്യോഗസ്ഥരടക്കം; കേസ്
അതേസമയം, ഉപദേശത്തിനൊപ്പം എടിഎം കാർഡ് ഉൾപ്പടെയുള്ള രേഖകൾ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് വിപിൻ.