പത്തനംതിട്ട: എസ്എസ്എൽസി പരീക്ഷാഫലം ഭയന്ന് നാടുവിട്ട കുട്ടിയെ ചെന്നൈയിൽ നിന്നും കണ്ടെത്തി തിരുവല്ല പോലീസ്. കഴിഞ്ഞ മാസം ഏഴിന് കുറ്റപ്പുഴ പുന്നകുന്നം സ്വദേശിയായ പത്താംക്ലാസുകാരനാണ് പരീക്ഷാഫലം മോശമാകുമെന്ന ഭയത്തിൽ നാടുവിട്ടത്.
മുത്തശിയുടെ കൂടെയായിരുന്നു വിദ്യാർഥി താമസിച്ചിരുന്നത്. പത്താംക്ലാസിലെത്തിയതോടെ കുട്ടിക്ക് വലിയ മാനസിക സമ്മർദ്ദമാണ് വീട്ടിലുണ്ടായിരുന്നത്. കളിക്കാനോ പുറത്തേക്കോ ഒന്നും വിടാതെ പഠിക്കാൻ നിരന്തരം നിർബന്ധിച്ചത് കുട്ടിയിൽ സമ്മർദ്ദം ഉണ്ടാക്കിയിരുന്നു. പിന്നീട് പരീക്ഷാഫലം വരുന്നതിന് തൊട്ടുമുൻപ് വിദ്യാർഥി വീടുവിട്ടിറങ്ങുകയായിരുന്നു.മെയ് ഏഴിനായിരുന്നു കുട്ടി നാടുവിട്ടത്.
തിരുവല്ല പോലാസ് കേസെടുത്തെങ്കിലും അന്വേഷണം ആദ്യഘട്ടത്തിൽ സാവധാനത്തിലായിരുന്നു. ഇതോടെ വലിയ വിമർശനം ഉയർന്നു. കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഓഫായതിനാൽ എവിടേക്കാണ് പോയതെന്ന് കണ്ടെത്താനാകാതെ പോലീസ് കുഴങ്ങി. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അഞ്ഞൂറോളം സി സി ടി വി ഫുട്ടേജുകൾ പരിശോധിച്ചപ്പോൾ റെയിൽവേസ്‌റ്റേഷനിലേക്ക് കുട്ടി പോയതിന്റെ വിവരം കിട്ടി.
ആലപ്പുഴയിലും തിരുവനന്തപുരത്തുമൊക്കെ അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടിയുടെ മൊബൈൽ ഫോൺ ഗൂഡല്ലൂരിൽ വെച്ച് ഓണായത്. കുട്ടിയുടെ ഫോൺ വാങ്ങിയയാൾ പുതിയ സിം ഇട്ടപ്പോഴാണ് ഫോൺ ഓണായത്. ഇതോടെ അന്വേഷണം അങ്ങോട്ടേക്ക് നീങ്ങി. ഗൂഡല്ലൂരിലെ വ്യക്തി പ്രദേശത്തെ വ്യാപാരിയിൽ നിന്നും വാങ്ങിയതായിരുന്നു ഈ ഫോൺ. ഈ വ്യാപാരിയാകട്ടെ ചെന്നൈയിലെ ഇലക്ട്രോണിക് ഹോൾസെയിൽ കടയിൽ നിന്നും വാങ്ങിയതും. ഇതോടെ കുട്ടി ചെന്നൈയിലേക്കാണ് പോയതെന്നും ഫോൺ അവിടെ വിറ്റതായിരിക്കാം എന്നും പോലീസ് നിഗമനത്തിലെത്തി.
പിന്നീട് വിദ്യാർഥി ഫോൺ വിറ്റ ഹോൾസെയിൽ വിൽപ്പനക്കാരനെ പോലീസിന് കണ്ടുപിടിക്കാനായത് അന്വേഷണം എളുപ്പമാക്കി. അധികം വൈകാതെ തന്നെ ചെന്നൈയിലെ പാരീസ് കോർണറിലുള്ള രത്തൻസ് ബസാറിലെ നാസർ അലി എന്നയാളുടെ ബിരിയാണിക്കടയിൽ സഹായിയായി ജോലി ചെയ്യുന്ന കുട്ടിയെ പോലീസ് കണ്ടെത്തി. ഇവിടെ കൂടെ ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശിയുടെ ഫോണിൽ വിദ്യാർഥി ഇൻസ്റ്റഗ്രാം ലോഗിൻ ചെയ്‌തോടെയാണ് പെട്ടെന്ന് തന്നെ സ്ഥലം കണ്ടുപിടിക്കാനായത്.
ഡിവൈഎസ്പി എസ് അഷദിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിർദ്ദേശത്തെ തുടർന്ന് രൂപീകരിച്ച സംഘത്തിൽ എസ്എച്ച്ഒ സുനിൽകൃഷ്ണനും സിപിഓമാരായ മനോജ്, അഖിലേഷ്, അവിനാശ് എന്നിവരാണ് ഉണ്ടായിരുന്നത്.
Discussion about this post