കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ ദമ്പതിമാരിൽ നിന്നും കണ്ടെത്തിയത് 30 കോടിയുടെ ലഹരിമരുന്ന്. ടാൻസാനിയൻ സ്വദേശികളായ ദമ്പതിമാരെയാണ് പിടികൂടിയത്. ലഹരിമരുന്ന് വിഴുങ്ങിയാണ് ഇരുവരും വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ഉടനെ തന്നെ ഡിആർഐ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ചയാണ് ഇവർ ഒമാനിൽ നിന്നും കൊച്ചിയിലെത്തിയതെന്ന് അധികൃതർ അറിയിച്ചു.
ഡിആർഐ സംഘം ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യപരിശോധനയിലാണ് ശരീരത്തിനുള്ളിൽ കൊക്കെയ്ൻ ഒളിപ്പിച്ചതായി കണ്ടെത്തിയത്. യുവാവിന്റെ വയറ്റിൽനിന്ന് ഏകദേശം രണ്ടുകിലോയോളം കൊക്കെയ്നാണ് കണ്ടെത്തിയത്. ഇത് പുറത്തെടുത്ത് യുവാവിനെ കേസിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.
യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകാതെ ലഹരിമരുന്ന് പുറത്തെടുത്തേക്കും. 2 കിലോയോളം കൊക്കൈയ്ൻ യുവതിയും വിഴുങ്ങിയെന്നാണ് വിവരം.
ALSO READ- മാള പട്ടാളപ്പടിയില്‍ മാനസിക രോഗിയായ മകന്റെ കുത്തേറ്റ് അമ്മ മരിച്ചു, മകന്‍ കസ്റ്റഡിയില്‍
ദഹിക്കാത്ത തരത്തിലുള്ള ടേപ്പിൽ പൊതിഞ്ഞ് കാപ്സ്യൂൾ രൂപത്തിലാക്കിയാണ് ദമ്പതിമാർ ലഹരിമരുന്ന് വിഴുങ്ങിയിരിക്കുന്നത്. ഇത് കൊച്ചിയിൽ കൈമാറ്റം ചെയ്യാനായി കൊണ്ടുവന്നതാണെന്നും കരുതുന്നുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ഡിആർഐ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.