തിരുവനന്തപുരം: നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് അടിയന്തിരമായി നടത്തേണ്ട ചികിത്സ നൽകാതെ മണിക്കൂറുകൾ കാത്തുനിർത്തി സ്വകാര്യആശുപത്രി മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം. ഇടപ്പഴഞ്ഞി എസ് കെ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. ആൻജിയോഗ്രാം മെഷീൻ കേടായ വിവരം മറച്ചുവെച്ചെന്ന് ബന്ധുക്കൾ പറയുന്നു.
പാലോട് സ്വദേശി അഖിൽ മോഹൻ എന്ന യുവാവാണ് എസ്‌കെ ആശുപത്രിയിൽ വെച്ച് മരിച്ചത്. അഖിൽ മോഹന് ആശുപത്രി ചികിത്സ നിഷേധിച്ചെന്നും കൃത്യസമയത്ത് വേണ്ട ചികിത്സ നൽകിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
കടുത്ത നെഞ്ചുവേദനയെ തുടർന്നാണ് അഖിലിനെ എസ്‌കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബന്ധുക്കൾ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഖിലിനെ എത്തിച്ചെങ്കിലും അവിടെ ഐസിയുവിലും വാർഡിലും കിടക്ക ഇല്ലെന്ന അസൗകര്യങ്ങൾ പറഞ്ഞ് മടക്കി അയച്ചിരുന്നു. തുടർന്ന് പ്രവേശിപ്പിച്ച എസ്‌കെ ആശുപത്രിയിലാണ് മണിക്കൂറുകൾ കാത്തിനിന്നിട്ടും ചികിത്സ നൽകുകയോ മറ്റ് ആശുപത്രിയിലേക്ക് മാറ്റുകയോ ചെയ്യാതെ അനാസ്ഥ കാണിച്ചത്. സംഭവത്തിൽ പൂജപ്പുര പോലീസ് കേസെടുത്തിട്ടുണ്ട്.
ഉടനെ ആൻജിയോഗ്രാം ചെയ്യണമെന്ന് പറഞ്ഞാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത് എങ്കിലും ഡോക്ടർമാർ അതിന് തയ്യാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് അഖിൽ മരണത്തിന് കീഴടങ്ങി.