ചെന്നിത്തല: പത്ത് വർഷത്തോളമായി സുഹൃത്തും ബിസിനസ് പാട്ണറുമായ യുവതിയെ ഒരിപ്രം കാർത്തികയിൽ രാജേഷി (50) ന്റെ കൊലപാതകത്തിൽ അറസ്റ്റ് ചെയ്തതിൽ ഞെട്ടൽ. രാജേഷിനെ കൊലപ്പെടുത്തിയതിന് ഇക്കഴിഞ്ഞദിവസമാണ് പോലീസ് നാട്ടുകാർക്കും ബന്ധുക്കൾക്കും മുന്നിൽ അടുത്തസുഹൃത്തായിരുന്ന സ്മിതയെ അറസ്റ്റ് ചെയ്തത്. രാജേഷിന്റേത് സ്വാഭാവിക മരണമല്ലെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് പിന്നാലെയായിരുന്നു വനിതാസുഹൃത്തായ സ്മിതയെ അറസ്റ്റ് ചെയ്തത്.
അതേസമയം, പത്ത് വർഷത്തോളമായി രാജേഷിന്റെ സുഹൃത്തായിരുന്ന സ്മിത മരണാനന്തര ചടങ്ങിൽ പോലും ആർക്കും ഒരു സംശയത്തിനും ഇടനൽകാതെയായിരുന്നു പെരുമാറിയിരുന്നത്. രാജേഷിന്റെ സുഹൃത്ത് എന്നനിലയിൽ സ്മിതയെ രാജേഷിന്റെ അടുത്തബന്ധുക്കൾക്ക് അറിയാമായിരുന്നു. താൻ രാജേഷിന്റെ മൃതദേഹത്തിൽ കോടി പുതപ്പിക്കുന്നതിൽ തെറ്റുണ്ടോ എന്നു സ്മിത ബന്ധുക്കളോട് തിരക്കിയിരുന്നു.
രാജേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയതുമുതൽ സംസ്‌കാരം കഴിയുന്നതുവരെ എല്ലാക്കാര്യത്തിലും സ്മിത സജീവമായി ഉണ്ടായിരുന്നു. മൃതദേഹം എത്തിച്ച ആംബുലൻസിൽ പോലും സ്മിതയാണ് കയറിയിരുന്നത്. ഇത്രയേറെ ‘അഭിനയം’ കാഴ്ചവെച്ച സ്മിതയുടെ തനിനിറം പുറത്തായതോടെ ഞെട്ടിയത് അന്ന് സംസ്‌കാര ചടങ്ങിനെത്തിയ ഓരോരുത്തരുമാണ്.
ഇവരുടെ ഭാഗത്ത് നിന്നും രാജേഷിന് നേരെ ഇത്രവലിയൊരു ചതി നടക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല. ആരോ ഫോണിൽ വിളിച്ചറിയിച്ചാണ് രാജേഷിന്റെ മരണം താൻ അറിഞ്ഞതെന്നാണ് സ്മിത പറഞ്ഞിരുന്നത്. രാജേഷിന്റെ മദ്യപാനം കാരണം രണ്ടുവർഷം മുൻപ് ഭാര്യ വിവാഹമോചനം നേടിയിരുന്നു. ഇതിൽ ഒരു ആൺകുട്ടിയുണ്ട്. ഈ കുട്ടി രാജേഷിനൊപ്പമായിരുന്നു. ഈ കുട്ടിയുമായി സ്മിതയ്ക്ക് നല്ല അടുപ്പവുമായിരുന്നു.
also read- ആനയെ തളക്കുന്നതിനിടെ ചവിട്ടേറ്റു, പാപ്പാന് ദാരുണാന്ത്യം
രാജേഷ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്ത് പരിചരിക്കാനെത്തിയിരുന്നത് സ്മിതയായിരുന്നു. മുൻപ് ഇവർ ഒരുമിച്ച് നടത്തിയിരുന്ന വിവാഹബ്യൂറോവഴി തട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് തെന്മല പോലീസിൽ ഉണ്ടായിരുന്ന കേസ് പിന്നീട് ഒത്തുതീർപ്പായി. രാജേഷ് നടത്തിയിരുന്ന വിവാഹബ്യൂറോ പിന്നീട് സ്മിതയുടെ കൈവശം വന്നുചേർന്നതിനെക്കുറിച്ചും ഇപ്പോൾ സംശയം ഉയരുന്നുണ്ട്.