ഹരിപ്പാട്: പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ കഴിയാനാകാതെ കഷ്ടപ്പെട്ട അതിഥിതൊഴിലാളിയായ യുവതിക്ക് രക്ഷകയായി ആശാവര്‍ക്കര്‍. വീയപുരം മൂന്നാം വാര്‍ഡില്‍ കട്ടകുഴിപാടത്തിന്റേയും അച്ചന്‍കോവിലാറിന്റേയും ഓരത്തുള്ള ചിറയില്‍ അഞ്ചുവര്‍ഷമായി താമസിക്കുന്ന മൈസൂര്‍ സ്വദേശിയായ സരിത(25)യ്ക്കാണ് ആശാവര്‍ക്കര്‍ ഓമന രക്ഷകയായി എത്തിയത്.
തിങ്കളാഴ്ച രാത്രി വൈകിയാണ് സരിതക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ആശുപത്രിയിലെത്തിക്കാന്‍ മറ്റ് വഴിയൊന്നുമില്ലാത്തതോടെ ആശാവര്‍ക്കര്‍ ഓമ്മനയെ സരിതയുടെ ഭര്‍ത്താവ് ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. ഇതോടെ ഓമന ഉറങ്ങികിടന്ന തന്റെ ജ്യേഷ്ഠന്റെ മകന് ബിജുവിനെ വിളിച്ചുണര്‍ത്തി സരിത താമസിക്കുന്നിടത്തെത്തി.
പ്രസവ വേദനകൊണ്ട് പുളഞ്ഞ സരിതയെ ചെറു വള്ളത്തില്‍ കയറ്റി ഓമനയും ബിജുവും വള്ളം തുഴഞ്ഞ് മെയിന്‍ റോഡില്‍ എത്തിച്ചു. ഉടന്‍തന്നെ ആംബുലന്‍സില്‍ കയറ്റി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും പത്ത് മിനിറ്റുള്ളില്‍ സരിത ഒരുപെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.
മണിക്കുറുകളോളം സരിതയ്ക്കൊപ്പം ആശുപത്രിയില്‍ കഴിഞ്ഞ ഓമന, പുലര്‍ച്ചെ ആംബുലന്‍സില്‍ തന്നെ വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് വീട്ടുകാരും ഇക്കാര്യം അറിയുന്നത്. അതിഥി തൊഴിലാളിയായ സരിതയുടെ മൂന്നാമത്തെ പ്രസവമാണിത്.
അതേസമയം, ഗര്‍ഭിണിയായ സരിതയ്ക്ക് രക്ഷകയായെത്തിയ ഓമനെയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജസുരേന്ദ്രന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി ഓമന, വാര്‍ഡ് അംഗം രഞ്ജിനി ചന്ദ്രന് എന്നിവര്‍ അഭിനന്ദിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. രാഖി, ഡോ. ധന്യ, ഡോ. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓമനയെ ആദരിച്ചു.
Discussion about this post