വീടില്ലാത്ത യുവതിയോട് ചോദിച്ചത് 52000 രൂപ കൈക്കൂലി! കൊടുത്തത് 20000, പിന്നാലെ വില്ലേജ് ഓഫീസറെ പൊക്കി വിജിലന്‍സ്

പട്ടയം ലഭിക്കാന്‍ വില്ലേജ് ഓഫീസര്‍ നല്‍കേണ്ട കത്തിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ പൊക്കി വിജിലന്‍സ്. തുവ്വൂര്‍ വില്ലേജ് ഓഫീസര്‍ സുനില്‍രാജാണ് 20000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പട്ടയം ലഭിക്കാന്‍ വില്ലേജ് ഓഫീസര്‍ നല്‍കേണ്ട കത്തിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വില്ലേജ് ഓഫീസറെ പിടികൂടിയത്. നീലാഞ്ചേരി സ്വദേശി തെച്ചിയോടന്‍ ജമീലയില്‍ നിന്നാണ് പ്രതിയായ വില്ലേജ് ഓഫീസര്‍ 20000 രൂപ വാങ്ങിയത്. സ്വന്തമായി വീട് പോലുമില്ലാത്ത ജമീല ഭൂമിയുടെ പട്ടയത്തിനായി പല തവണയായി വില്ലേജ് ഓഫീസില്‍ വരുന്നുണ്ട്. എന്നാല്‍ 52000 രൂപ നല്‍കിയാല്‍ പട്ടയം ശരിയാക്കാം എന്നായിരുന്നു സുനില്‍ രാജിന്റെ മറുപടി.

ALSO READ മലക്കപ്പാറയില്‍ പോയി തിരികെ വരുന്നതിനിടെ കാട്ടാനയുടെ ആക്രമണം, 35കാരന് പരിക്ക്

കൈക്കൂലി തുക കുറക്കാന്‍ ജമീല ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ജമീലയെ സഹായിക്കാന്‍ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടെങ്കിലും സുനില്‍രാജ് 32000 രൂപ ആവശ്യപ്പെട്ടു. ഇതും ജമീലയ്ക്ക് സംഘടിപ്പിക്കാനായില്ല. വിവരം വിജിലന്‍സിനെ അറിയിച്ച ജമീല കടം വാങ്ങിയ 20000 രൂപയുമായി ഇന്ന് വില്ലേജ് ഓഫീസിലെത്തി. പണം കൈപ്പറ്റിയ ഉടനെ സുനില്‍രാജിനെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.

Exit mobile version