തിരുവനന്തപുരം: സോഷ്യൽമീഡിയയിൽ പ്രശസ്തയായ തിരുവനന്തപുരം സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ മുൻആൺസുഹൃത്ത് ബിനോയിയെ (21) കോടതി മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ തെളിവെടുപ്പുകൾക്ക് വേണ്ടിയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ട് തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയും ബിനോയിയും തമ്മിൽ 2 വർഷത്തോളം പ്രണയത്തിലായിരുന്നെന്നാണ് പോലീസ് കണ്ടെത്തൽ. ഇരുവരുടെയും ചാറ്റുകളുൾപ്പടെ പോലീസ് നേരത്തെ വീണ്ടെടുത്തിരുന്നു. പ്രണയകാലത്ത് പെൺകുട്ടിയെ ബിനോയ്(21) റിസോർട്ടിലും വീട്ടിലും വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പോലീസ് റിപ്പോർട്ടിലുണ്ട്.
പ്രതി ഗർഭഛിദ്രം നടത്തുന്നതിനായി ഗുളികകൾ വാങ്ങി പെൺകുട്ടിക്ക് നൽകിയിരുന്നു. 18 വയസാകുന്നതിനു മുൻപ് പെൺകുട്ടിയെ പീഡിപ്പിച്ച സാഹചര്യത്തിലാണ് ബിനോയിക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. അനധികൃതമായി ഗർഭഛിദ്രം നടത്തിയതിന് 312-ാം വകുപ്പും ചുമത്തിയിട്ടുണ്ട്.
കൂടുതൽ അന്വേഷണം നടത്താനും പെൺകുട്ടിയെ കൊണ്ടുപോയ വാഹനങ്ങൾ കണ്ടെത്താനും മറ്റിടങ്ങളിൽ തെളിവെടുപ്പ് നടത്താനും മൂന്നു ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പോലീസിന്റെ അപേക്ഷ. എന്നാൽ ബിനോയിയെ കേസിൽ കുടുക്കിയതാണെന്നും മറ്റാരെയോ രക്ഷിക്കാൻ വേണ്ടിയാണിതെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.
ALSO READ- നീറ്റ് ചോദ്യപേപ്പർ തലേദിവസം തന്നെ കൈയ്യിൽ കിട്ടി; നൽകിയത് 40 ലക്ഷം രൂപ; ചോദ്യപേപ്പർ ചോർച്ച വെളിപ്പെടുത്തി വിദ്യാർഥി
വർഷങ്ങളായി അടുപ്പത്തിലായിരുന്ന ഇവർ 5 മാസം മുൻപാണ് പിരിഞ്ഞത്. പിന്നാലെ പെൺകുട്ടിക്കു നേരെ സമൂഹമാധ്യമങ്ങളിൽ മോശമായ പ്രചരണമുണ്ടായി. ഇതിന് പിന്നിൽ ബിനോയിയുടെ സുഹൃത്തുക്കളാണെന്നാണ് ആരോപണം. ബിനോയിയുടെ സുഹൃത്തുക്കൾ പെൺകുട്ടിയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
മനോവിഷമത്തിലായിരുന്ന പെൺകുട്ടി ഈ മാസം 10നു രാത്രിയാണ് വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 16നാണ് മരിച്ചത്.
ALSO READ-മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു
പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ തന്റെ മരണത്തിന് ആരും ഒന്നും ചെയ്തിട്ടില്ലെന്നും ഈ ലോകത്ത് ജീവിക്കേണ്ടെന്നും പറഞ്ഞിരുന്നു. ബിനോയിയോടു പറയണം സന്തോഷമായിരിക്കാൻ. ഇനി തോൽവികൾ ഏറ്റുവാങ്ങാൻ സാധിക്കില്ലയെന്നും കുറിപ്പിലുള്ളതായി പോലീസ് പറഞ്ഞു. മുറിയിൽനിന്നാണ് ഈ കുറിപ്പ് കണ്ടെടുത്തത്. സംഭവത്തിന്റെ തലേദിവസം അമ്മയ്ക്ക് അയച്ച വാട്സാപ് സന്ദേശത്തിൽ വീട് മാറണമെന്നല്ലാതെ പെൺകുട്ടി മറ്റൊന്നും പറഞ്ഞിരുന്നില്ല.
മുറിയിൽ വാതിലടച്ച് ഇരിക്കുകയായിരുന്ന പെൺകുട്ടിയെ പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരും പിരിഞ്ഞതിന് ശേഷം കൗൺസിലിങ്ങിനു വിധേയയായ പെൺകുട്ടി രണ്ടു മാസമായി മരുന്നു കഴിച്ചുവരികയായിരുന്നു.