തൃശ്ശൂർ: കുവൈറ്റ് തീപിടിത്തത്തിൽ മരണപ്പെട്ട ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ആശ്വാസമായി ചാവക്കാട് നഗരസഭയുടെ തീരുമാനം. ലൈഫ് പദ്ധതിയിൽ ബിനോയ് തോമസിന്റെ കുടുംബത്തിന് വീട് നൽകാൻ നഗരസഭ തീരുമാനമെടുത്തു. നഗരസഭയുടെ അടിയന്തിര കൗൺസിൽ ചേർന്നാണ് തീരുമാനമെടുത്തത്.
നഗരസഭാ തീരുമാനം തദ്ദേശ സ്വയം ഭരണ വകുപ്പിന് കൈമാറുമെന്നും ചാവക്കാട് നഗരസഭ അറിയിച്ചു. ലൈഫ് ഭവന പദ്ധതിയുടെ ഫണ്ടിന് പുറമേ സിഎസ്ആർ ഫണ്ടുകളും വീട് നിർമ്മാണത്തിനായി പ്രയോജനപ്പെടുത്താനാണ് നീക്കം.
വീട് നിർമ്മാണത്തിന് പത്ത് ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നതായാണ് നഗരസഭ ചെയർപേഴ്സൺ പ്രതികരിച്ചത്. അതേസമയം, കൗൺസിലിൽ എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
ബിനോയ് തോമസിന്റെ കുടുംബത്തിൽ നിന്ന് നിയമാനുസൃത അപേക്ഷ സ്വീകരിക്കാതെയാണ് അടിയന്തര കൗൺസിൽ തീരുമാനമെടുത്തതെന്നാണ് പ്രതിപക്ഷം വിമർശിച്ചത്.
Discussion about this post