തിരുവനന്തപുരം: കുടുംബപ്രശ്നങ്ങളെ തുടർന്ന് വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന യുവതിയെ കൊലപ്പെടുത്തി ഭർത്താവ്. അമ്പൂരി മായത്താണ് സംഭവം. അമ്പൂരി മായം കോലോത്ത് വീട്ടിൽ രാജി (34)യാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ (50) പോലീസ് പിടികൂടി.
രാജി മായത്തെ ആശുപത്രിയിൽപോയി മടങ്ങിവരവേ മനോജ് പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും കുത്തുകളേറ്റ രാജിയുടെ മൂക്ക് ഛേദിച്ച നിലയിലാണ്. മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഒരു വർഷത്തോളമായി ഇവർ മനോജുമായി വേർപിരിഞ്ഞു നിൽക്കുകയായിരുന്നു. അമ്മക്കും അച്ഛനും ഒപ്പമാണ് രാജി താമസിച്ചിരുന്നത്. ഇരുവരും അടുത്തടുത്ത വീടുകളിലായിരുന്നു താമസം. രണ്ടു മക്കളുണ്ട്. മകൾ അച്ഛന്റെ കൂടെയും മകൻ അമ്മയുടെ കൂടെയും ആയിരുന്നു താമസം.
Discussion about this post