ചെറുതോണി: എയർ ഹോസ്റ്റസായി ജോലി ചെയ്തിരുന്ന മലയാളി പെൺകുട്ടി ഹരിയാനയിലെ ഗുഡ്ഗാവിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ. പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിൽ തൂങ്ങിമരിച്ചതായാണ് കുടുംബത്തിന് ലഭിച്ച വിവരം. ജോലി ലഭിച്ചു രണ്ടാഴ്ച തികയും മുമ്പാണ് 24കാരിയായ ചെമ്പകപ്പാറ തമ്പാൻസിറ്റിയിലെ വാഴക്കുന്നേൽ ബിജു-സീമ ദമ്പതികളുടെ മകൾ ശ്രീലക്ഷ്മി മരണപ്പെട്ടത്.
ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചതായാണു ഗുഡ്ഗാവ് പോലീസ് തങ്കമണി പോലീസ് സ്റ്റേഷനിലേക്ക് തിങ്കളാഴ്ച രാവിലെ 11ന് വിളിച്ചറിയിച്ചത്. ശ്രീലക്ഷ്മി ആറു മാസത്തെ പരിശീലനത്തിനുശേഷം കഴിഞ്ഞ ആറിനാണ് എയർ ഇന്ത്യയിൽ എയർ ഹോസ്റ്റസായി ജോലിയിൽ പ്രവേശിച്ചത്.
മുൻപ് പരിശീലനകാലത്ത് മേയ് മാസം പകുതിയോടെ വീട്ടിലെത്തിയ ശ്രീലക്ഷ്മി കഴിഞ്ഞ രണ്ടാം തീയതിയാണ് ഹരിയാനയിലേക്ക് ജോലി ലഭിച്ച് തിരികെ പോയത്. ഞായറാഴ്ച രാത്രിയിലും വീട്ടുകാരുമായി വീഡിയോകോളിൽ ശ്രീലക്ഷ്മി സംസാരിച്ചിരുന്നു. അന്ന് പ്രശ്നങ്ങളൊന്നും ഉള്ളതായി തോന്നിയില്ലെന്നും ശ്രീലക്ഷ്മിക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളില്ലായിരുന്നു എന്നും വീട്ടുകാർ പറയുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. സംസ്കാരം നാളെ വീട്ടുവളപ്പിൽ. സഹോദരി: ശ്രീദേവിക
Discussion about this post