കൊൽക്കത്ത: പഠനത്തിൽ മിടുക്കിയായ മലയാളി വിദ്യാർഥിനിയെ ഖരഗ്പുർ ഐഐടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ദേവിക പിള്ള(21)യെയാണ് കോളേജ് ക്യാംപസിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ബയോസയൻസ് ആൻഡ് ബയോടെക്നോളജി മൂന്നാംവർഷ വിദ്യാർഥിയായിരുന്നു.
സ്ഥാപനത്തിലെ സരോജിനി നായിഡു/ഇന്ദിരാഗാന്ധി ഹാൾ പരിസരത്താണ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ഐഐടി ഖരഗ്പുർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 8.37 സിജിപിഎയുള്ള പഠനത്തിൽ മിടുക്കിയായ വിദ്യാർഥിനിയായിരുന്നു ദേവിക. ബയോസയൻസ് ആൻഡ് ബയോടെക്നോളജി വിഭാഗത്തിലെ പ്രൊഫസറുടെ കീഴിൽ സമ്മർ ഇന്റേൺഷിപ്പിലായിരുന്നു ദേവിക.
വിദ്യാർഥിനിയുടെ ബന്ധുക്കൾ ഖരഗ്പുരിലെത്തി മൃതദേഹം ഏറ്റുവാങ്ങി കേരളത്തിലെത്തിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംസ്കാര ചടങ്ങുകൾ. അന്വേഷണം തുടരുകയാണെന്നും മരണകാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു. എന്നാൽ പെൺകുട്ടിക്ക് ജീവനൊടുക്കാൻ തക്കതായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ മൊഴി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 04712552056
Discussion about this post