പ്ലസ്ടു വിദ്യാർഥിനിയായ ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ ജീവനൊടുക്കിയ സംഭവം; മുൻആൺസുഹൃത്തിന്റെ മൊഴിയെടുത്ത് സൈബർ സംഘം; അന്വേഷണം

തിരുവനന്തപുരം: പ്ലസ്ടു വിദ്യാർഥിനിയായ ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ ജീവനൊടുക്കിയ സംഭവത്തിൽ സൈബർ പോലീസും അന്വേഷണത്തിന്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പോലീസ് തുടരുകയാണ്.

സംഭവത്തിൽ മുൻആൺ സുഹൃത്തിന്റെ മൊഴിയെടുത്തു. തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ആദിത്യയാണ് ജീവനൊടുക്കിയത്.തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനിയാണ് ആദിത്യ.

പെൺകുട്ടി തിങ്കളാഴ്ചയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് മരണപ്പെട്ടത്. ഇൻസ്റ്റാഗ്രാം ഇൻഫ്‌ളിവൻസറെന്ന് നിലയിൽ പ്രശസ്തയായിരുന്നു പെൺകുട്ടി.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു ആദിത്യ. ഇരുവരും ഒരുമിച്ച് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞതോടെയാണ് പെൺകുട്ടിക്ക് എതിരെ സൈബർ ആക്രമണം രൂക്ഷമായത്. ഇതോടെ പെൺകുട്ടി മാനസികമായി തളർന്നിരുന്നെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നുമാണ് പോലീസ് നിഗമനം.

ALSO READ- ഡ്രൈവിങ് പഠനത്തിനായി മലയിലേക്ക് യാത്ര; കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണമരണം

പെൺകുട്ടിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടായെന്നാണ് വീട്ടുകാരും കൂട്ടുകാരും പറയുന്നത്. പെൺകുട്ടിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൂജപ്പുര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Exit mobile version