കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ അഗ്‌നിബാധയുണ്ടായി. ഉടന്‍ തന്നെ തീ അണക്കാന്‍ സാധിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.
ഇന്ന് അവധിദിനമായതിനാല്‍ ക്ഷേത്രത്തില്‍ പതിവിലധികം തിരക്കുണ്ടായിരുന്നു. മേല്‍ക്കാവിലെ ശ്രീകോവിലിനോട് ചേര്‍ന്ന തിടപ്പള്ളിയില്‍ പന്തീരടി പൂജയ്ക്ക് നിവേദ്യം ഒരുക്കുമ്പോഴാണ് അടുപ്പില്‍ നിന്നുള്ള തീ ആളിക്കത്തി മേല്‍ക്കൂരയിലേക്ക് പടര്‍ന്നത്.
ഭഗവതിക്ക് അര്‍പ്പിക്കുന്ന നിവേദ്യങ്ങള്‍ പാകം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ശ്രീകോവിലിന് സമാനമായ പ്രാധാന്യമുള്ള തിടപ്പള്ളിയിലെ മേല്‍ക്കൂരയിലുണ്ടായിരുന്ന മാറാലയ്ക്ക് തീപിടിച്ചതാണ് പ്രശ്‌നമായതെന്നെന്നാണ് സൂചന.
തീയും പുകയും പടര്‍ന്നപ്പോള്‍ ജീവനക്കാരും ഭക്തരും ചേര്‍ന്ന് വെള്ളം കോരിയൊഴിച്ചും പമ്പു ചെയ്തുമാണ് തീ അണച്ചത്. പത്ത് മിനിറ്റിനകം തീ പൂര്‍ണ്ണമായും അണച്ചു.തീപിടുത്തതെ തുടര്‍ന്ന് കുറച്ചുനേരം ദര്‍ശനം നിറുത്തിവച്ചു.
തന്ത്രി സ്ഥലത്തെത്തി പുണ്യാഹം നടത്തിയ ശേഷം ഉച്ചയോടെയാണ് നട വീണ്ടും തുറന്ന് നിയന്ത്രണങ്ങള്‍ മാറ്റിയത്.വരും ദിവസങ്ങളില്‍ കൂടുതല്‍ പരിഹാരക്രിയകള്‍ നടത്താനും സാദ്ധ്യതയുണ്ട്.