കോട്ടയം: കാണാതായ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അയര്‍ക്കുന്നം നീറിക്കാട് കീഴാട്ട് കാലായില്‍ കെ.രാജേഷ് തിരികെയെത്തി. 53കാരനെ കാണാതായിട്ട് രണ്ട് ദിവസങ്ങള്‍ പിന്നിട്ടിരുന്നു.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെയാണ് രാജേഷ് മടങ്ങിയെത്തിയത്. താന്‍ മാനസിക സമ്മര്‍ദം മൂലം നാട്ടില്‍ നിന്നും മാറിനിന്നതാണെന്നാണ് പോലീസുദ്യോഗസ്ഥന്റെ മൊഴി.
ഡ്യൂട്ടിക്കുശേഷം ശനിയാഴ്ച രാവിലെ വീട്ടിലേക്കെന്നുപറഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍നിന്ന് കാറില്‍ മടങ്ങിയതായിരുന്നു. എന്നാല്‍ രാത്രി വൈകിയും വീട്ടിലെത്തിയില്ല. ഇതോടെ ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍ അയര്‍ക്കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ രാജേഷ് മൊബൈല്‍ ഫോണ്‍ ഓഫാക്കിയിരിക്കുന്നതിനാല്‍ ടവര്‍ പിന്തുടര്‍ന്നുള്ള അന്വേഷണവും സാധ്യമായിരുന്നില്ല. അന്വേഷണം പുരോഗമിക്കവെ ഇന്ന് രാവിലെ രാജേഷ് പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു.
രാജേഷിന് ചികിത്സയിലുള്ള അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനും മറ്റും ഇടയ്ക്ക് അവധി ആവശ്യമായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് ജോലികളുള്ളതിനാല്‍ ഇദ്ദേഹത്തിന് ഏറെനാള്‍ അവധി ലഭിച്ചില്ല.
അവധി ആവശ്യപ്പെട്ട് മേലധികാരിക്ക് അപേക്ഷ നല്‍കിയിരുന്നു. അധികൃതര്‍ അവധി അനുവദിച്ചില്ല. ഇതിന് പിന്നാലെയാണ് ഇദ്ദേഹം മാനസിക സംഘര്‍ഷത്തിലായതെന്നാണ് വിവരം.
Discussion about this post