തൃശൂര്‍: അറുപത്തിയൊന്നുകാരിയുടെ ശരീരത്തില്‍ നിന്നും നീക്കം ചെയ്തത് 10 കിലോ ഭാരമുള്ള മുഴ. തൃശ്ശൂരിലാണ് സംഭവം. പുഴക്കല്‍ സ്വദേശിനിക്കാണ് ശസ്ത്രക്രിയ നടത്തിയത്. കാലിന്റെ തുടയോട് ചേര്‍ന്ന് വളര്‍ന്ന 10 കിലോ ഭാരമുള്ള മുഴയാണ് നീക്കം ചെയ്തത്.
തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടന്നത്. രോഗിക്ക് ഹെപ്പറ്റെറ്റിസ് രോഗം കൂടി ഉണ്ടായിരുന്നത് ശസ്ത്രക്രിയയുടെ സങ്കീര്‍ണത വര്‍ധിപ്പിച്ചിരുന്നു. നടക്കാന്‍ പോലും കഴിയാതെ ഒരു മാസം മുമ്പാണ് കാലില്‍ വലിയ മുഴയുമായി വയോധിക മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്.
ഇവിടെ വച്ച് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ട്യൂമര്‍ ആണെന്ന് കണ്ടെത്തിയത്. കാലില്‍ തുടയോട് ചേര്‍ന്ന് അതിവേഗം വളര്‍ന്ന 30ഃ30ഃ15 സെന്റീമീറ്റര്‍ വലിപ്പമുള്ള ട്യൂമറായിരുന്നു. ഈ മാസം പത്താം തീയതിയാണ് ശസ്ത്രക്രിയ നടത്തിയത്.
മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗവും ഓങ്കോ സര്‍ജറി വിഭാഗവും ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ശസ്ത്രക്രിയ വിജയമായതോടെ 61കാരിക്ക് സാധാരണ പോലെ നടക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്.