കൊല്ലം: നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ സ്വകാര്യ ആശുപത്രിക്ക് സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് കാർ കത്തിയത്. ഞായറാഴ്ച വൈകീട്ട് 6.45-നാണ് സംഭവം. മരിച്ചത് ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ചാത്തന്നൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ ആശുപത്രിക്ക് സമീപം നിർത്തിയതിന് പിന്നാലെ വാഹനത്തിൽനിന്ന് തീ ഉയരുകയായിരുന്നു. സമീപത്തെ വർക് ഷോപ്പിലുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ രക്ഷാപ്രവർത്തനം നടത്താനായില്ല.
വിവരമറിഞ്ഞെത്തിയ ചാത്തന്നൂർ പോലീസിനും കാറിനടുത്തേക്ക് എത്താനായില്ല. പിന്നീട് പരവൂരിൽനിന്ന് അഗ്‌നിരക്ഷാ സേനയെത്തിയ ശേഷമാണ് തീ അണയ്ക്കാൻ സാധിച്ചത്. അപ്പോഴേക്കും ഡ്രൈവിങ് സീറ്റിലിരുന്നയാൾ വെന്തു മരിച്ചിരുന്നു.
also read- അമിതമായി പൊറോട്ട കഴിച്ചു; കൊല്ലത്ത് അഞ്ചു പശുക്കൾ ചത്തു; ഒമ്പത് പശുക്കൾ അവശനിലയിൽ
സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. ചിറക്കറ തട്ടാരുകോണം സ്വദേശിയാണ് മരിച്ചതെന്നാണ് ഉയരുന്ന സംശയം. ഇദ്ദേഹത്തെ ഞായറാഴ്ച ഉച്ചമുതൽ കാണാനില്ലെന്നും ഫോൺ വിളിച്ചിട്ട് വിവരമൊന്നും ലഭിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. ഇദ്ദേഹത്തിന്റെ മരുമകന്റേതാണ് കാർ. ശരീരം പൂർണമായും കത്തിക്കരിഞ്ഞതിനാൽ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ മരിച്ചയാളെ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പോലീസ് വ്യക്തമാക്കി.