തൊടുപുഴ: ഇടുക്കി പൈനാവിൽ ബന്ധുവീടുകൾക്ക് തീയിട്ട യുവാവ് പിടിയിലായതിന് പിന്നാലെ സംഭവത്തിൽ വ്യക്തത വരുത്തി പോലീസ്. ഭാര്യാമാതാവായ അന്നക്കുട്ടിയെ കൊലപ്പെടുത്താനായാണ് പ്രതി സന്തോഷ് അന്നക്കുട്ടിയുടെ വീടിയും ഇവരുടെ മകൻരെ വീടിനും തീയിട്ടത്. അന്നക്കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു പ്രതി സന്തോഷിന്റെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
സന്തോഷിന്റെ സമ്മതമില്ലാതെയായിരുന്നു ഭാര്യ പ്രിൻസിയെ വിദേശത്തേക്ക് അയച്ചത്. വിദേശത്ത് എത്തിയ ശേഷം പ്രിൻസി വിവാഹമോചനം ആവശ്യപ്പെട്ടു. ഇതോടെ പ്രതീകാരദാഹിയായ സന്തോഷ് അന്നക്കുട്ടിയുടെ വീട്ടിലെത്തി ബഹളം വെയ്ക്കുകയും തീവെച്ച് അന്നക്കുട്ടിയെയും പേരമകളേയും പൊള്ളലേൽപ്പിക്കുകയും ചെയ്തിരുന്നു.
തുടർന്ന് കടന്ന് കളഞ്ഞ സന്തോഷ് പോലീസിന്റെ പിടിയിലാകും മുൻപെയാണ് അന്നക്കുട്ടിയുടെ വീടിനും ഇവരുടെ മകന്റെ വീടിനും തീയിട്ടത്.അന്നക്കുട്ടി വീട്ടിൽ ഉണ്ടാകുമെന്നു കരുതിയാണ് സന്തോഷ് വീട് കത്തിച്ചതെന്ന് ഇടുക്കി എസ്പി ടികെ വിഷ്ണു പ്രദീപ് പറഞ്ഞു.
also read- ‘സുകുമാരിയമ്മയുടെ ഭാഗ്യം തട്ടിയെടുക്കാൻ കണ്ണനായില്ല’; ലോട്ടറി വിൽപ്പനക്കാരൻ തട്ടിയെടുത്ത ടിക്കറ്റ് തിരികെ കിട്ടി, ഒപ്പം സമ്മാനമെന്ന ഉറപ്പും
കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ലിൻസ് എന്നിവരുടെ വീടുകളാണ് സന്തോഷ് തീവെച്ചത്. സംഭവം നടക്കവേ രണ്ടു വീട്ടിലും ആളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അന്നക്കുട്ടിയുടെ വീട് പൂർണമായും ലിൻസിന്റെ വീട് ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. സന്തോഷിന്റെ പ്രവർത്തിയിൽ പ്രകോപിതരായ നാട്ടുകാർ പ്രദേശത്തുള്ള സന്തോഷ് ജോലി ചെയ്യുന്ന സഹോദരന്റെ ചായക്കട തല്ലി തകർത്തിരുന്നു.
അന്നക്കുട്ടിയുടെ മകളായ പ്രിൻസി ഇറ്റലിയിൽ നഴ്‌സാണ്. ഇവരുടെ ഭർത്താവാണ് സന്തോഷ്. ജൂൺ അഞ്ചിന് ഭാര്യവീട്ടിലെത്തിയ സന്തോഷ്, പ്രിൻസിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടാണ് ബഹളം വച്ചത്. തർക്കത്തിനൊടുവിൽ ഭാര്യാമാതാവിനെയും സഹോദരന്റെ മകളെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. അന്നക്കുട്ടിക്കു 30 ശതമാനവും കുഞ്ഞിനു 15 ശതമാനവും പൊള്ളലുണ്ട്.