തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന വീട്ടമ്മയെ കബളിപ്പിച്ച് ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് തട്ടിയെടുത്ത സംഭവത്തിൽ ഒടുവിൽ നീതി. ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് സുകുമാരിയമ്മയ്ക്ക് തിരികെ കിട്ടി. ലോട്ടറി വിൽപനക്കാരൻ സുകുമാരിയമ്മയെ കബളിപ്പിച്ചാണ് ടിക്കറ്റ് കൈക്കലാക്കിയത്. പിന്നീട് പോലീസ് സഹായത്തോടെ വീട്ടമ്മ സത്യം തെളിയിക്കുകയായിരുന്നു.
കല്ലിയൂർ ദീപു സദനത്തിൽ സുകുമാരിയമ്മയ്ക്കാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിലൂടെ നീതി ലഭിച്ചിരിക്കുന്നത്.കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ലോട്ടറി ടിക്കറ്റ് തിരികെ ലഭിക്കുകയും സമ്മാനത്തുക ഉടനെ കൈമാറുമെന്ന ഉറപ്പും കിട്ടിയിരിക്കുകയാണ്. ടിക്കറ്റും ബാങ്ക് രേഖകളും പരിശോധിച്ച ശേഷം കമ്മിഷനും മറ്റും കഴിച്ചുള്ള തുകയായ 63 ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു.
മേയ് 14 നാണ് പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണനിൽ നിന്ന് സുകുമാരിയമ്മ ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള ഫിഫ്ടി ഫിഫ്ടി ലോട്ടറിയുടെ ടിക്കറ്റുകൾ
എടുത്തത്. വ്യത്യസ്ത സീരീസുകളിലായി ഒരേ നമ്പരിലുള്ള 12 ടിക്കറ്റുകളാണ് വാങ്ങിയത്.
പിന്നീട് 15ന് നടത്തിയ നറുക്കെടുപ്പിൽ ഈ ടിക്കറ്റുകളുടെ കൂട്ടത്തിലെ എഫ്ജി 348822 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഈ വിവരം സുകുമാരിയമ്മ അറിഞ്ഞിരുന്നില്ല. പിന്നീട് ടിക്കറ്റ് വിൽപന നടത്തിയ കണ്ണൻ സുകുമാരിയമ്മയെ അന്വേഷിച്ച് എത്തുകയും 12 ടിക്കറ്റിന് 100 രൂപ വീതം സമ്മാനം അടിച്ചെന്ന് അറിയിക്കുകയും ചെയ്തു. ഇവർക്ക് 500 രൂപ നൽകിയ ശേഷം ബാക്കി 700 രൂപയ്ക്കു അടുത്ത ദിവസത്തെ ലോട്ടറി ടിക്കറ്റുകൾ നൽകി കണ്ണൻ കടന്നുകളയുകയായിരുന്നു.
പിറ്റേന്ന് തന്നെ കണ്ണൻ തനിക്ക് ലോട്ടറി അടിച്ചെന്നു പറഞ്ഞ് സുഹൃത്തുക്കൾക്കു ലഡു വിതരണം ചെയ്തു. വിവരം അറിഞ്ഞ സുകുമാരിയമ്മ, കണ്ണൻ തിരിച്ചു വാങ്ങിയ ടിക്കറ്റിനാണ് സമ്മാനമെന്ന് ഫലം പരിശോധിച്ചു കണ്ടെത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.